ബ്രിട്ടീഷ് പാർലമെന്റ് സന്ദർശനം പൂർത്തിയാക്കി സംരംഭകസംഘം മടങ്ങി

ദുബായ് : ബ്രിട്ടീഷ് പാർലമെന്റ് സന്ദർശനം പൂർത്തിയാക്കി മലയാളി പ്രവാസി സംരംഭകസംഘം യു.എ.ഇ.യിൽ മടങ്ങിയെത്തി. ഈമാസം 10-നാണ് യു.എ.ഇ.യിലെ സംരംഭക കൂട്ടായ്മയായ ഇൻറർനാഷണൽ പ്രമോട്ടേഴ്‌സ് അസോസിയേഷൻ (ഐ.പി.എ.) അംഗങ്ങളായ 50 പേരടങ്ങുന്ന മലയാളിസംഘം സംരംഭകസാധ്യതകൾ തേടി യൂറോപ്പിലേക്ക് യാത്രയായത്. യു.കെ.യിൽ ബിസിനസ് വിപുലീകരണത്തിനായി കേരളത്തിലെ ബിസിനസ്സുകാരെ സഹായിക്കുക എന്നതായിരുന്നു സന്ദർശനലക്ഷ്യം. ഇതുസംബന്ധിച്ച് ഒട്ടേറെ എം.പി. മാരുമായി പ്രതിനിധി സംഘം ചർച്ചകൾ നടത്തി.

വ്യവസായ പ്രമുഖരുടെ സംഘത്തിന് യുണൈറ്റഡ് കിംഗ്ഡം-കേരളാ ബിസിനസ് ഫോറം (യുകെ-കെബിഎഫ്) സ്വീകരണം നല്‍കി. ഹൗസ് ഓഫ് കോമൺസിൽ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളുമായുള്ള ആശയവിനിമയവും അത്താഴവിരുന്നും നടന്നു. ബ്രെക്‌സിറ്റിനു ശേഷമുള്ള ബിസിനസ്സ് ലാൻഡ്‌സ്‌കേപ്പ് സൃഷ്ടിച്ച വിശാലമായ സാധ്യതകൾ തേടിയായിരുന്നു സംഘത്തിന്‍റെ യാത്ര. യുകെയിൽ ബിസിനസ് വിപുലീകരണത്തിനായി പങ്കാളിത്തം തേടുന്നതിന് അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിൽ മറ്റ് കേരളത്തിലെ ബിസിനസ്സ് നേതാക്കളെ സഹായിക്കുക എന്നതും ലക്ഷ്യമായിരുന്നു.

യുകെ പാർലമെന്റ് സന്ദർശന വേളയിൽ വിവിധ പ്രദേശങ്ങളിൽ ബിസിനസുകൾ സ്ഥാപിക്കുന്നതിന് വിലപ്പെട്ട ഉൾക്കാഴ്ചകളും സഹായവും വാഗ്ദാനം ചെയ്ത എംപിമാരുമായി സംഘം ചര്‍ച്ചകള്‍ നടത്തി. ക്രൈം, പൊലീസിങ്, ഫയർ വകുപ്പ് സഹമന്ത്രി ക്രിസ് ഫിൽപ്പ്, എംപി. മാർക്ക് പോസി, സാറാ ആതർട്ടൺ, മാർട്ടിൻ ഡേ അടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി. നെറ്റ്‌വർക്കിങ് സെഷനുകൾ അവാർഡ് ദാന ചടങ്ങും നടന്നു.

യുകെയിൽ നിന്നും ദുബായിൽ നിന്നുമുള്ള പ്രഭാഷകർ ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള അവസരങ്ങൾ അവതരിപ്പിച്ചു. വൈസ് വെഞ്ചേഴ്‌സിന്റെ ചെയർമാൻ അയ്യൂബ് കല്ലാട്, അഡ്വ അബ്ദുൽ കരീം ബിൻ ഈദ്, എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ജമദ് ഉസ്മാൻ, വേവ്ഡ് നെറ്റ് കംപ്യൂട്ടിങ് മാനേജിങ് ഡയറക്ടർ ഹസൈനാർ ചുങ്കത്ത്, സ്മാർട്ട് ട്രാവൽസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഫി അഹമ്മദ് എന്നിവര്‍ക്ക് മികച്ച സംരംഭകര്‍ എന്ന നിലയ്ക്ക് ഐപിഎയുടെ ആഭിമുഖ്യത്തില്‍ ബിസിനസ് എക്‌സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. വീരേന്ദ്ര ശർമ്മ എംപി അവാർഡുകൾ വിതരണം ചെയ്തു.

ഐ.പി.എ ചെയര്‍മാന്‍ സൈനുദ്ദീൻ, ഐ പി എ ഫൗണ്ടറും മലബാർ ഗോൾഡ് & ഡയമൻഡ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ.കെ. ഫൈസൽ, ഐ പി എ വൈസ് ചെയർമാൻ റിയാസ് കിൽട്ടൺ, ട്രഷറർ സി.എ. ഷിഹാബ് തങ്ങൾ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യു.എ.ഇയിലെ അറിയപ്പെടുന്ന അന്‍പതോളം പേരാണ് ഈ യാത്രാ സംഘത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൌൺസിൽ ഓഫ് കോമേഴ്‌സുമായി സഹകരിച്ചാണ് ഐ പി എ ഈ യാത്ര സംഘടിപ്പിച്ചത്.

More Stories from this section

dental-431-x-127
witywide