സസ്പെന്‍സ് നിലനിര്‍ത്തി ‘മലയ്‌ക്കോട്ടൈ വാലിബന്‍’ ടീസര്‍, ആറ് മില്യണ്‍ വ്യൂവുമായി യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ഇന്നലെ റിലീസ് ചെയ്ത ടീസറിന് ഇതിനോടകം 62 ലക്ഷത്തിലധികം വ്യൂവേഴ്‌സിനെ നേടാനായി. ഇതോടെ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.

2024 ജനുവരി 25 ന് റിലീസിനൊരുങ്ങുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ സസ്‌പെന്‍സ് നിലനിര്‍ത്തി പോരുന്ന ചിത്രം കൂടിയാണ്. മോഹന്‍ലാലിന്റെ മേക്ക് ഓവറിനെക്കുറിച്ചായിരുന്നു ആദ്യഘട്ടങ്ങളില്‍ ചര്‍ച്ചകളിലധികവും.

‘നീ കണ്ടത് സത്യമാണ്, കാണാത്തത് കള്ളം, ഇനി ഞാന്‍ കാണിക്കുന്നത് സത്യമാണ്’ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഡയലോഗാണ് ടീസറിന്റെ സസ്‌പെന്‍സ് കൂട്ടുന്നത്.

പി.എസ് റഫീഖിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലയ്‌ക്കോട്ടൈ വാലിബന്‍’ ഒരു പീരിയഡ് ആക്ഷന്‍ ചിത്രമാണ്. മോഹന്‍ലാല്‍, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍. ആചാരി, ഹരിപ്രശാന്ത് വര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ് സിനിമാസ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്സ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനും എഡിറ്റിംഗ് ദീപു എസ് ജോസഫും സംഗീതം പ്രശാന്ത് പിള്ളയുമാണ്.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. 10 മുതല്‍ 15 കോടി വരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലമെന്നും അഞ്ച് കോടിയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.