
ക്വലാലംപൂർ: ചൈനയിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് ഇനിമുതൽ 30 ദിവസം വിസയില്ലാതെ മലേഷ്യയിൽ താമസിക്കാം. ഈ നടപടിക്ക് ഡിസംബർ ഒന്ന് മുതൽ തുടക്കം കുറിക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാനും മുപ്പത് ദിവസം താമസിക്കാനും സാധിക്കും.
പീപ്പിൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിനിടെ ഞായറാഴ്ച വൈകിയാണ് അൻവർ ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ വിസ ഇളവ് എത്ര കാലത്തേക്ക് ബാധകമാകുമെന്ന് പറഞ്ഞില്ല.
ചൈനയും ഇന്ത്യയും മലേഷ്യയുടെ നാലാമത്തെയും അഞ്ചാമത്തെയും വലിയ വിപണി ഉറവിടങ്ങളാണ്.
സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ മലേഷ്യയിൽ 9.16 ദശലക്ഷം വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തി. ചൈനയിൽ നിന്ന് 498,540 ഉം ഇന്ത്യയിൽ നിന്ന് 283,885 ഉം പേരാണ് ഈ വർഷം മലേഷ്യയിൽ എത്തിയത്. കോവിഡ് മഹാമാരിക്കു മുമ്പ്, 2019 ലെ ഇതേ കാലയളവിൽ ചൈനയിൽ നിന്ന് 1.5 ദശലക്ഷവും ഇന്ത്യയിൽ നിന്ന് 354,486 പേരുമാണ് എത്തിയത്.
ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തായ്‍ലൻഡും സമാന രീതിയിൽ ഇന്ത്യ, ചൈന രാജ്യങ്ങളിലുള്ളവർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
നിലവിൽ ഇന്ത്യൻ, ചൈനീസ് പൗരൻമാർക്ക് മലേഷ്യയിൽ എത്തിക്കഴിഞ്ഞാലുടൻ വിസക്ക് അപേക്ഷിക്കുന്ന(ഓൺ അറൈവൽ) രീതിയാണുള്ളത്. പ്രോസസിങ് ഫീസ് ഉൾപ്പെടെ ഇന്ത്യക്കാർക്കുള്ള മലേഷ്യ വിസ ഓൺ അറൈവൽ ചെലവ് ഏതാണ്ട് 3,558 രൂപയാണ്.