ജി20: രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ക്ഷണമില്ല

ന്യൂഡൽഹി: ജി20 ഉച്ചകോടിക്കിടെ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു ആതിഥേയത്വം വഹിക്കുന്ന അത്താഴ വിരുന്നിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ക്ഷണമില്ല. ഖാർഗെയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ഉപയോഗിച്ചത് വിവാദമായതിന് തൊട്ടുപിന്നാലെയാണ് പുതിയ വാർത്ത. സെപ്തംബര്‍ 9 നാണ് അത്താഴ വിരുന്ന്.

ശനിയാഴ്ച ഭാരത് മണ്ഡപത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു സംഘടിപ്പിച്ച പ്രത്യേക അത്താഴവിരുന്നിലേക്ക് ക്ഷണിച്ചവരിൽ മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ബിസിനസ്സ് നേതാക്കളും മറ്റ് സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അനാരോഗ്യം കാരണം അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.