തേച്ചുമിനുക്കിയ യൗവ്വനം; മലയാളിയുടെ മമ്മൂട്ടിക്ക് ഇന്ന് 72-ാം ജന്മദിനം

‘അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളത’! മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ലോക പ്രശ്‌സ്ത നിരൂപകന്‍ ഡെറിക്ക് മാല്‍ക്കം എഴുതിയത് ഇങ്ങനെയാണ്. അഞ്ചുപതിറ്റാണ്ടിലധികം നീണ്ട സിനിമാജീവിതത്തില്‍ ഒടുങ്ങാത്ത അഭിനിവേശവുമായി അഭിനയിച്ചുജീവിച്ച മലയാളിയുടെ മമ്മൂട്ടിക്ക് ഇന്ന് 72-ാം ജന്മദിനമാണ്.

വിജയ പരാജയങ്ങളിലൂടെ, താര പരിവേഷത്തിലേക്കുള്ള പടികളിലെത്തുമ്പോഴും നിരന്തരം ആത്മപരിശോധനയിലൂടെ തന്നെ തന്നെ തേച്ചുമിനുക്കിയെടുത്ത് ക്ലാവ് പിടിക്കാത്ത നടനാവുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. 2023-ലെത്തുമ്പോഴും ആ വാക്കുകളെ സത്യമാക്കി പുതിയ തലമുറ സിനിമാക്കാർക്കൊപ്പം അതികായനായി, മമ്മൂട്ടി തിളങ്ങി നില്‍ക്കുന്നു.

തനിക്ക് മുന്നും പിന്നും വന്നുപോയവരെ കണ്ട് മലയാള സിനിമയുടെ മുന്‍നിരയിലിരിക്കുന്ന ക്ലാസും മാസും ചോരാത്ത മെെക്കിളപ്പനാണ് മമ്മൂട്ടി. ആരുടേയും ശുപാര്‍ശിയില്ലാതെയാണ് അവിടേക്ക് മമ്മൂട്ടി കടന്നുവന്നത് സ്തുതിപാടകരില്ലാതെ വിമര്‍ശനങ്ങളുടെയും കൂവലുകളുടേയും നടുക്ക് ഞാനവസാനിക്കില്ല എന്ന് വീണ്ടു വീണ്ടും തെളിയിച്ചാണ് ഓരോ പടിയും കയറിയത്. ചാന്‍സ് ചോദിച്ച് അലഞ്ഞ കാലത്ത്, ചെറുവേഷങ്ങളില്‍ ഒതുങ്ങിയും മുറിവേറ്റും പൊട്ടിക്കരഞ്ഞും തന്നെയാണ് മമ്മൂട്ടി ഈ സിംഹാസനം പിടിച്ചെടുത്തത്.

കെ എസ് സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിയാണ് ഇന്ന് നാം കാണുന്ന മെഗാസ്റ്റാറിന്റെ തുടക്കം. ബഹുദൂറിന്റെ കൂടെ ഒരു സീനില്‍ ‘സഖാവ് കെ എസ്’ എന്ന കഥാപാത്രമായി നീണ്ടുമെലിഞ്ഞ ആ ചെറുപ്പക്കാരന്‍ മലയാള സിനിമയില്‍ തലകാണിച്ചു. രണ്ടാം ചിത്രമായ കാലചക്രത്തിലാണ് ആദ്യ ഡയലോഗ് പറയാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞത്. കടത്തുകാരനായ മമ്മൂട്ടിയോട് പഴയ കടത്തുകാരനായ പ്രേം നസീര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്… എനിക്ക് പകരം വന്ന ആളാണല്ലേ ? നിത്യ ഹരിത നായകന്റെ ആ ചോദ്യത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു പിന്നീടുള്ള ചരിത്രം.

എല്ലാക്കാലത്തും ഒരു റോളര്‍കോസ്റ്റര്‍ റൈഡായിരുന്നു മമ്മൂട്ടിയുടെ കരിയര്‍. കാലചക്രത്തിന് ശേഷവും അനവധി അപ്രധാന കഥാപാത്രങ്ങള്‍, ഒടുവില്‍ എംടി കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകത്തില്‍ ഒരു പ്രധാനവേഷം കിട്ടിയെങ്കിലും ആ ചിത്രം വെളിച്ചം കണ്ടില്ല. പിന്നീട് എം.ടിയുടെ തന്നെ തിരക്കഥയില്‍ സുകുമാരന്‍ നായകനായെത്തിയ 1980-ലെ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രം കഥ മാറ്റുന്നു. മലയാളി പ്രേക്ഷകനൊപ്പം ഫിലിംമേക്കേഴ്സും മമ്മൂട്ടിയെന്ന നടനെ ശ്രദ്ധിച്ചുതുടങ്ങി. അതേവര്‍ഷം റിലീസായ കെ. ജി. ജോര്‍ജിന്റെ മേളയിലൂടെ അയാള്‍ ചുവടുറപ്പിച്ചു. ഇതിനിടെയാണ് പി എ മുഹമ്മദ് കുട്ടി മമ്മൂട്ടിയായതും മമ്മൂട്ടി സജിനായതും.

‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിനിടെ സംവിധായകന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് അന്നുവരെ നാട്ടുകാരും വീട്ടുകാരും വിളിച്ചിരുന്ന മമ്മൂട്ടിയെന്ന പേര് ട്രേഡ് മാർക്ക് ആക്കുന്നത്. എന്നാല്‍ ‘സ്ഫോടനത്തില്‍’ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ പി.ജി.വിശ്വംഭരന്‍ മമ്മൂട്ടി എന്ന പേരുമാറ്റി ‘സജിന്‍’ എന്നാക്കി. ബ്രാക്കറ്റില്‍ മമ്മൂട്ടി എന്നുമെഴുതി. ശ്രീകുമാരന്‍ തമ്പിയുടെ ‘മുന്നേറ്റം’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സജിന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ സിനിമാപേര്. പേരുമായി ബന്ധപ്പെട്ട ഈ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മമ്മൂട്ടി എന്ന മമ്മൂട്ടിയായി.

എണ്‍പതുകളുടെ തുടക്കത്തില്‍ നായകനും സഹനടനുമായി മമ്മൂട്ടിയുടെ മലയാള സിനിമയില്‍ നിറഞ്ഞു. 1981-ലെ നാല് സിനിമകളില്‍ നിന്ന് 82-ല്‍ 26 സിനിമയിലേക്ക് മമ്മൂട്ടി വളര്‍ന്നു. 83 -ല്‍ ആ റെക്കോര്‍ഡും തകര്‍ത്ത് 35 സിനിമകളിലേക്ക്. 84, 85-ലും 34ഉം 33 ഉം 86-ല്‍ വീണ്ടും 35 ഉം സിനിമകള്‍. പി.ജി വിശ്വംഭരന്‍, ഐ.വി ശശി, കെ ജി ജോര്‍ജ് എന്നുതുടങ്ങി ജോഷിയും, സത്യന്‍ അന്തിക്കാടും, പത്മരാജനും, ഭരതനും ഭദ്രനും അടങ്ങുന്ന ഒരുപിടി സംവിധായകര്‍ക്കൊപ്പം മമ്മൂട്ടി ഒന്നിച്ചു. വിരോധാഭാസം എന്തെന്നാല്‍ ഇതില്‍ പല ചിത്രങ്ങളും വാണിജ്യപരമായി പരാജയമായിരുന്നു. മമ്മൂട്ടി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ കൂവലുയർന്ന സംഭവങ്ങള്‍ പോലുമുണ്ടായി.

കെ ജി ജോര്‍ജ്ജിന്റെ ‘യവനിക’യും പി ജി വിശ്വംഭരന്റെ ‘സന്ധ്യയ്ക്ക് വിരിഞ്ഞ പൂവും’ ഐ വി ശശിയുടെ ‘ഈ നാടു’മൊഴിച്ചാല്‍ 1982- 87 വരെ കാലയളവിലെ മിക്ക ചിത്രങ്ങളിലും കുടുംബ പ്രശ്‌നങ്ങളാല്‍ ഉഴലുന്ന ഗൃഹസ്ഥനായിരുന്നു മമ്മൂട്ടി. ഇതുതന്നെയായിരുന്നു തുടര്‍പരാജയങ്ങളുടെ പ്രധാന കാരണം.

അഭിഭാഷകനായിരുന്ന മമ്മൂട്ടിയുടെ ശെെലി ആദ്യകാലത്ത് വിനയാവുകയാണ് ചെയ്തത്. കത്തിയെന്നും മറ്റും വിശേഷണങ്ങള്‍ അദ്ദേഹത്തിന് ചാർത്തി കിട്ടി. സിനിമയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും സംസാരിക്കുകയും ചെയ്ത മമ്മൂട്ടി അഹങ്കാരിയായി. ഇന്ന് മലയാളിയുടെ ഗൃഹാതുരത്വങ്ങളുടെ ഭാഗമായ മമ്മൂട്ടിയുടെ ഘനഗംഭീര ശബ്ദം കൊള്ളില്ല എന്ന് വിലയിരുത്തിയവര്‍ പോലും മലയാള ചലച്ചിത്രലോകത്തുണ്ട്. ആദ്യ രണ്ടു സിനിമകളില്‍ മമ്മൂട്ടിക്കുവേണ്ടി ഡബ്ബ് ചെയ്തത് നടന്‍ ശ്രീനിവാസന്‍ ആയിരുന്നു.

സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രമാസികളെല്ലാം ആ യുവ നടന് എതിരായിരുന്നു. പലരും മമ്മൂട്ടിയെക്കുറിച്ച് പലവിധ ഗോസിപ്പുകള്‍ പടച്ചുവിട്ടപ്പോള്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടിയാണ് ‘ഇതാ ഒരു പുതിയ വാഗ്ദാനം’ എന്ന വിശേഷണത്തോടെ ആദ്യമായി പോസറ്റീവായി എഴുതുന്നത്.

എന്നാലതൊന്നും മമ്മൂട്ടിയിലെ നടനെ തളർത്തിയില്ല. നിരന്തര പ്രയത്നത്തിലൂടെ തന്റെ ലക്ഷ്യങ്ങള്‍ അദ്ദേഹം എത്തിപ്പിടിച്ചു. തുടർ പരാജയങ്ങളില്‍ നിന്ന് മലയാളത്തിലൊരു കള്‍ട്ട് ക്ലാസിക്കുമായി മമ്മൂട്ടി തിരിച്ചെത്തി. 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹിയായിരുന്നു ആ ചിത്രം. വമ്പന്‍ ക്യാന്‍വാസില്‍ ബിഗ്ബജറ്റ് തിരിച്ചുവരവ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ 22 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം തിയറ്ററിലെത്തുമ്പോള്‍ മമ്മൂട്ടി ശ്രീനഗറില്‍ നായര്‍സാബിന്റെ ഷൂട്ടിംഗിലായിരുന്നു. തിയറ്ററുകളില്‍ ആരാധകര്‍ ഇടിച്ചുകയറി ചില്ലുകള്‍ തകര്‍ന്നു. ഈ വാർത്തയറിഞ്ഞ് മമ്മൂട്ടി പൊട്ടിക്കരഞ്ഞതായി തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഒരിക്കല്‍ പറഞ്ഞു.

സത്യത്തില്‍ 1990 കള്‍ക്ക് ശേഷമാണ് മെഗാസ്റ്റാറായി മമ്മൂട്ടി വളരുന്നത്. 66 ചിത്രങ്ങളാണ് ഈ കാലയളവില്‍ അദ്ദേഹം മലയാളത്തില്‍ ചെയ്തത്. തമിഴ് സിനിമയില്‍ മൗനം സമ്മതം (1990), തെലുങ്ക് സിനിമയില്‍ സ്വാതി കിരണം (1992), ബോളിവുഡില്‍ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയില്‍ നായകനായി അരങ്ങേറ്റം നടത്തിയത് ധര്‍തിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയില്‍ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കര്‍ (2000) എന്ന ഇന്ത്യന്‍-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.

അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം 400 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 2000 ത്തിനുശേഷം എണ്ണത്തില്‍ കുറഞ്ഞതെങ്കിലും മലയാളസിനിമയില്‍ അടയാളപ്പെടുത്ത പ്പെട്ട ചിത്രങ്ങളാണ് അദ്ദേഹം തെരഞ്ഞെടുത്ത്ത്. 2002,2003 വര്‍ഷങ്ങളില്‍ രണ്ടുവീതം ചിത്രങ്ങളാണ് അദ്ദേഹം ചെയ്തത്. മലയാളികള്‍ ഒരുകാലത്തും മറക്കാത്ത ഫാന്റവും പട്ടാളവും സേതുരാമയ്യര്‍ സിബിഐയും ഉണ്ടായത് അക്കാലത്താണ്. മാസും കോമഡിയും മമ്മൂട്ടിയെന്ന മെഗാസ്റ്റാര്‍ പരീക്ശിച്ചത്.

2010 കള്‍ക്കുശേഷം അഭിനയിച്ച നിരവധി പരീക്ഷണ ചിത്രങ്ങളില്‍ തോല്‍വിയറിഞ്ഞുതുടങ്ങി. എന്നാല്‍ വിശ്രമം വെടിഞ്ഞെത്തിയ മമ്മൂട്ടി 2022-23 കാലഘട്ടങ്ങളിലായി മലയാളിയെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചു. സാങ്കേതിക വിദ്യയും ആഖ്യാനരീതികളും ഒരുപാട് മുന്നോട്ടുപോയ കാലത്തിലും തന്നിലെ യുവാവ് പുതിയ സാധ്യതകളെ എത്തിപ്പിടിക്കുമെന്നാണ് ആ 72 കാരന്‍ ആവർത്തിച്ച് തെളിയിക്കുന്നത്.

More Stories from this section

dental-431-x-127
witywide