‘ഈ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു’; ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയം ആഘോഷിച്ച് സിനിമാലോകം

കൊച്ചി: ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ ജനത. സിനിമാ ലോകവും ഈ അഭിമാന നിമിഷത്തെ ആഘോഷിക്കുകയാണ്. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒയിലെ മുഴുവൻ ശാസ്ത്രജ്ഞർക്കും മറ്റ് ജീവനക്കാർക്കും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് സിനിമാ താരങ്ങൾ.

ചരിത്രപരമായ ഈ നേട്ടത്തിൽ ഐഎസ്ആർഒയിലെ ഓരോ അംഗങ്ങൾക്കും അഭിനന്ദനങ്ങളെന്ന് മമ്മൂട്ടി കുറിച്ചു. അഭിമാന നിമിഷമാണിതെന്നും രാജ്യം ഈ നാഴികക്കല്ല് പിന്നിടുമ്പോൾ ആഘോഷത്തിൽ താനും പങ്കുചേരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ഒടുവിൽ ദക്ഷിണധ്രുവം മാനവരാശിക്ക് മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്. ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 3 നെ എത്തിക്കാൻ വേണ്ടി പരിശ്രമിച്ച ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്കും മറ്റ് ജീവനക്കാർക്കുമുള്ള അഭിനന്ദനങ്ങളും താരം അറിയിച്ചു.

ഇന്ത്യൻ സർക്കാരിന്റെ ശാസ്ത്രമെന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. മിത്തിന്റേയും ശാസ്ത്രത്തിന്റേയും വിജയമെന്നും താരം കുറിച്ചു. ഇന്ത്യക്കാർക്ക് അഭിമാന നിമിഷമെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കും മാനവരാശിക്കും അഭിമാന നിമിഷമെന്നാണ് പ്രകാശ് രാജ് പ്രതികരിച്ചത്. ചന്ദ്രയാൻ ദൗത്യത്തിനുവേണ്ടി പരിശ്രമിച്ചവർക്കുള്ള നന്ദിയും പ്രകാശ് രാജ് അറിയിച്ചു.

ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാൻ-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് മാർക്ക് -3 റോക്കറ്റിൽ കുതിച്ചുയർന്നത്. വിജയകരമായി ചന്ദ്രനിൽ പര്യവേക്ഷണ പേടകം ഇറക്കിയതോടെ ചന്ദ്രനിൽ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ.