
ആലപ്പുഴ: സ്റ്റാന്റില്‍ ഇറക്കാമെന്ന് പറഞ്ഞ യുവതിയെ കാറില്‍ കയറ്റിയ ശേഷം മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍ എന്‍ ആര്‍ രാജീവ് (31) ആണ് പിടിയിലായത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുയായിരുന്ന യുവതിയെയാണ് രാജീവ് തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വിടാമെന്ന് വാഗ്ദാനം നല്‍കി കാറില്‍ കയറ്റിയത്.
പിന്നിലെ സീറ്റില്‍ കയറാന്‍ ശ്രമിച്ച യുവതിയെ നിര്‍ബന്ധിച്ച് കാറിന്റെ മുന്‍സീറ്റില്‍ കയറ്റിയശേഷം തിരുവല്ലയിലിറക്കാതെ കാറില്‍ മുന്നോട്ടു പോവുകയായിരുന്നു. പിന്നീട് യുവതിയുടെ മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന പണവും കൈക്കലാക്കിയശേഷം ചെങ്ങന്നൂര്‍ ടൗണിലെ ഇടറോഡില്‍ ഇറക്കി വിട്ടു. തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നഴ്സായി ജോലിചെയ്യുകയാണ് യുവതി.
കഴിഞ്ഞ 21ന് ആണ് സംഭവം. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് തിങ്കളാഴ്ച കാലത്ത് പന്തളം ചേരിക്കല്‍ ഭാഗത്തുനിന്നു പ്രതിയെ വാഹനം സഹിതം പിടികൂടുകയായിരുന്നു. യുവതിയുടെ 18,000 രൂപ വില വരുന്ന മൊബൈല്‍ പ്രതി ഒരു കടയില്‍ വിറ്റതായും പൊലീസ് പറയുന്നു. വാടകയ്ക്കെടുത്ത കാറിലായിരുന്നു രാജീവന്‍ യുവതിയെ കൊണ്ടുപോയത്.














