പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടി; പ്രതി തൂങ്ങിമരിച്ചു, പെൺകുട്ടിയുടെ നില ഗുരുതരം

കൊച്ചി: കേരളത്തിലെ പെരുമ്പാവൂര്‍ രായമംഗലത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വിനാണ് മാരകമായി വെട്ടേറ്റത്. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ അല്‍ക്കയുടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിട്ടുണ്ട്. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട എല്‍ദോസിനെ പിന്നീട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേറ്റത്. നിലവില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ബന്ധുക്കളും ചികിത്സയിലാണ്.

പ്രതി എല്‍ദോസും നഴ്‌സിങ് വിദ്യാര്‍ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. അല്‍ക്കയെ വീട്ടില്‍ക്കയറി ആക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് എല്‍ദോസ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

More Stories from this section

family-dental
witywide