ട്രെയിന്‍ യാത്രക്കിടെ യുവാവ് മരിച്ചു; പല തവണ അറിയിച്ചിട്ടും മൃതദേഹം മാറ്റാന്‍ റെയില്‍വേ തയ്യാറായില്ലെന്ന് സഹയാത്രികര്‍

ചെന്നൈ: ട്രെയിന്‍ യാത്രക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം മാറ്റാന്‍ റെയില്‍വേ തയ്യാറായില്ലെന്ന പരാതിയുമായി സഹയാത്രികര്‍. യുവാവ് മരിച്ചതിനു ശേഷം 600 കിലോ മീറ്ററോളം ദൂരം സഞ്ചരിച്ചതിനു ശേഷമാണ് മൃതദേഹം മാറ്റാനും പോസ്റ്റ്‌മോര്‍ട്ടത്തിനയക്കാനും റെയില്‍വേ പോലീസ് തയ്യാറായതെന്നും സഹയാത്രികര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശി രാംജീത് യാദവ് എന്ന 36കാരനാണ് യാത്രക്കിടെ ട്രെയിനില്‍ മരിച്ചത്.

ചെന്നൈയില്‍ ജോലി ചെയ്യുന്ന രാംജീത് സഹോദരനൊപ്പം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്ന രാംജീതിന്റെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഞായറാഴ്ച ട്രെയിന്‍ നാഗ്പൂരില്‍ എത്തിയപ്പോഴാണ് യുവാവ് മരിച്ചതെന്ന് സഹോദരന്‍ ഗോവര്‍ദന്‍ പറഞ്ഞു. ഉടന്‍ തന്നെ സഹായത്തിനായി റെയില്‍വേയുമായി ബന്ധപ്പെട്ടെങ്കിലും ആരും വന്നില്ലെന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നും ഗോവര്‍ദന്‍ പറഞ്ഞു.

യുവാവിന്റെ മരണമറിഞ്ഞ് സഹയാത്രികരും റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. റെയില്‍വെ അധികൃതരെ നിരവധി തവണ വിളിച്ചെങ്കിലും യാതൊരു സഹകരണവും ഉണ്ടായില്ലെന്നും ദീര്‍ഘദൂരം ഓടി ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് മൃതദേഹം മാറ്റി പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ റെയില്‍വെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുമെന്ന് രാംജീത്തിന്റെ കുടുംബം അറിയിച്ചു. ചെന്നൈയില്‍ നിന്ന് ദില്ലി ഹസ്രത് നിസാമുദ്ദീനിലേക്ക് പുറപ്പെട്ട തമിഴ്നാട് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസിലെ ജനറല്‍ കോച്ചിലായിരുന്നു സംഭവം.

More Stories from this section

family-dental
witywide