മുംബൈ: മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലെെന്‍സിലെ വനിതാ ജീവനക്കാരിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും, സ്വയംഭോഗം ചെയ്യുകയും ചെയ്ത ബംഗ്ലാദേശി യുവാവ് അറസ്റ്റില്‍. മുപ്പതുകാരനായ മുഹമ്മദ് ദുലാൽ എന്ന വ്യക്തിയാണ് പിടിയിലായത്.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വിസ്താര വിമാനത്തിൽ മസ്കറ്റിൽ നിന്ന് ധാക്കയിലേക്ക് പോവുകയായിരുന്നു മുഹമ്മദ് ദുലാൽ. വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡുചെയ്യുന്നതിന് അര മണിക്കൂർ മുമ്പ്, ദുലാൽ തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് ജീവനക്കാരിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
തടയാനെത്തിയ ക്യാബിൻ ക്രൂ അംഗങ്ങൾക്കും യാത്രക്കാർക്കും നേരെ പ്രതി നഗ്നതാ പ്രദർശനം നടത്തിയതായും ആരോപണമുണ്ട്. തുടർന്ന് യാത്രക്കാരുടെ സഹായത്തോടെ ദുലാലിനെ സീറ്റില്‍ ബന്ധിച്ചു. ധാക്കയിലേക്ക് കണക്ഷൻ വിമാനത്തിൽ കയറേണ്ടിയിരുന്ന ദുലാലിനെ മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടനെ പൊലീസിന് കൈമാറി. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫ്ലൈറ്റ് അറ്റൻഡന്റ് നൽകിയ പരാതിയിലാണ് ദുലാലിനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, ദുലാലിന് മാനസിക വിഭ്രാന്തിയുണ്ടെന്നും ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്നുമുള്ള വാദമാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രഭാകർ ത്രിപാഠി ഉയർത്തുന്നത്. ബംഗ്ലാദേശിലെ ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളയാളാണ് ഇയാൾ. അതിന്റെ അറിവില്ലായ്മകൊണ്ടാണ് പരാതിക്കാരിയുമായി വഴക്കുണ്ടാക്കിയതെന്നും, ലെെംഗികാതിക്രമം അടക്കമുള്ള പരാതികള്‍ വ്യാജമാണെന്നുമാണ് അഭിഭാഷകന്റെ വാദം.