
എറണാകുളം ആലുവയില്‍ ജേഷ്ഠന്‍ അനുജനെ വെടിവച്ച് കൊന്നു. ആലുവ സ്വദേശി പോള്‍സന്‍ ആണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ സഹോദരന്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി സെക്ഷന്‍ ഓഫീസറാണ് പ്രതി തോമസ്. ബൈക്ക് അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അച്ഛന്‍ ജോസഫിന്റെ എയര്‍ഗണ്‍ ഉപയോഗിച്ചാണ് ജേഷ്ഠനായ തോമസ് പോള്‍സനെ വെടിവച്ചത്.
തോമസിന്റെ ബൈക്ക് രാവിലെ പോള്‍സന്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസില്‍ പരാതി നല്കിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലവസാനിച്ചത്. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടില്‍ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ അയല്‍വാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. മരിച്ച പോള്‍സന് മാനസിക പ്രശ്‌നമുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു.