
ഗാസിയാബാദ്: ഗാസിയാബാദിൽ ചായ ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മകൻ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ധർമവീർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ധർമ്മവീറും ഭാര്യ സുന്ദരിയും (50) ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലി വഴക്കുണ്ടായി. തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന വാൾ പോലുള്ള ആയുധം ഉപയോഗിച്ച് ധർമ്മവീർ ഭാര്യയുടെ കഴുത്തിൽ മൂന്ന് നാല് തവണ കുത്തി. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തുടർന്ന്, യുവതിയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ധർമ്മവീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“ഡിസംബർ 19 ന് രാവിലെ 8 മണിയോടെ ഫസൽഗഡ് ഗ്രാമത്തിൽ 50 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ വിവരം ഞങ്ങൾക്ക് ലഭിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതികൾ അവളെ കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തു. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയാണ്,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.