ഭോപ്പാൽ: മധ്യപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഗർഭിണിയായ ഭാര്യയെ കിണറ്റിൽ തള്ളിയിട്ട സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. യുവതിയെ തള്ളിയിട്ട ശേഷം ദൃശ്യങ്ങൾ യുവതിയുടെ മാതാപിതാക്കൾക്ക് പ്രതി അയച്ചു നൽകിയിരുന്നു. രണ്ട് മണിക്കൂറിലധികം സമയം കിണറ്റിലെ കയറില്‍ പിടിച്ചിരുന്ന യുവതിയെ ഭർത്താവ് തന്നെയാണ് പിന്നീട് പുറത്തെത്തിച്ചത്.
ആഗസ്റ്റ് 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് വർഷങ്ങൾക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായത്. ആ സമയം മുതല്‍ക്കെ തന്നെ സീത്രീധനം ആവശ്യപ്പെട്ട് രാകേഷും മാതാപിതാക്കളും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി മൊഴി നല്‍കി. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് യുവതി ഭർത്താവിനെതിരെ പരാതിപ്പെട്ടത്.
പരാതിയുടെ അടിസ്ഥാനത്തില്‍ നീംമുച്ച് സ്വദേശി രാകേഷ് കീർ ജവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് രാകേഷ് യുവതിയെ സ്ഥിരമായി മർദിച്ചിരുന്നതായും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വീരേന്ദ്ര സിംഗ് രഘുവംശി പറഞ്ഞു.
ഇന്ത്യൻ ശിക്ഷാനിയമം 498-എ (വിവാഹിതയായ സ്ത്രീയെ ക്രൂരമായി മർദ്ദിക്കൽ), 323 (മനപൂർവ്വം മുറിവേൽപ്പിക്കുക), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.