മണിപ്പൂർ അക്രമത്തിൽ പ്രതിഷേധിച്ച് 10 കുക്കി എംഎൽഎമാർ നിയമസഭാ സമ്മേളനം ബഹിഷ്കരിക്കും

ന്യൂഡൽഹി: മണിപ്പൂരിൽ ആഗസ്റ്റ് 21 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മണിപ്പൂരിലെ പത്ത് ഗോത്രവർഗ എം.എൽ.എമാർ. മെയ്തെയ് ആധിപത്യമുള്ള ഇംഫാലിൽ വെച്ച് നിയമസഭാ സമ്മേളനം നടക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിലാണ് അവർ തങ്ങളുടെ ആശങ്ക പങ്കുവെക്കുന്നത്. എം.എൽ.എ.മാരിൽ ഏഴുപേർ ബി.ജെ.പി. അംഗങ്ങളാണ്.

വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സമുദായാംഗങ്ങൾ താമസിക്കുന്ന അഞ്ച് മലയോര ജില്ലകളിൽ ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അല്ലെങ്കിൽ അതിന് തുല്യമായ തസ്തികകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് ഈ പത്ത് എം.എൽ.എമാർ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെതിരേയും ഇവർ വിമർശനം ഉന്നയിച്ചിരുന്നു.

കുക്കി – സോ വിഭാഗത്തിൽപ്പെട്ടവർക്ക് ഇംഫാലിലേക്ക് പോകുന്നതിൽ പ്രയാസമുണ്ടെന്നും മെമ്മോറാണ്ടത്തിൽ പരാമർശിച്ചിരുന്നു. കുക്കി-സോ വിഭാഗത്തിൽ പെടുന്ന ആർക്കും ഇംഫാലിലേക്ക് പോകാൻ സാധിക്കുന്നില്ല. ഇംഫാലിൽ നിയമിതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ജോലിക്കായി പോലും അവിടേക്ക് എത്താൻ സാധിക്കുന്നില്ല. കുക്കി-സോ വിഭാഗത്തിൽപ്പെട്ട ഐ.എ.എസ്, ഐ.പി.എസ് പോലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ഇതുതന്നെയാണ് അവസ്ഥ. ഇംഫാൽ താഴ്വര നിലവിൽ മരണത്തിന്‍റെ താഴ്വരയായി മാറിക്കഴിഞ്ഞുവെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.

നേരത്തേ കുക്കി കലാപകാരികൾക്കെതിരേ കർക്കശനടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട് മെയ്ത്തി വിഭാഗക്കാരായ 32 പേരുൾപ്പെടെ 40 നിയമസഭാംഗങ്ങൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. മണിപ്പtരിൽ തങ്ങൾക്ക് പ്രത്യേകഭരണസംവിധാനം വേണമെന്ന കുക്കികളുടെ ആവശ്യം അംഗീകരിക്കരുതെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു ബദലെന്ന മട്ടിലാണ് കുക്കി നിയമസഭാംഗങ്ങളും പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.