
കൊച്ചി: കളമേശരി കുസാറ്റ് ക്യാംപസില്‍ സ്കൂൾ ഓഫ് എൻജിനിയറിങ് നടത്തിയ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർഥികൾക്ക് ദാരുണാന്ത്യം. എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴക്കൊമ്പ് കൊച്ചുപാറയിൽ കെ.എം. തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി റോയിയുടെ മകൾ ആൻ റിഫ്ത റോയ് (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസി വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറാ തോമസ് (20), ഇലക്ട്രീഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പ് ജോസഫിൻ്റെ മകൻ ആൽബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത് . ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേരുടേയും മരണം സംഭവിച്ചിരുന്നു.
ഗുരുതരാവസ്ഥയിലുള്ള 2 പേർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും കായംകുളം സ്വദേശി ഗീതാജ്ഞലി , മലപ്പുറം സ്വദേശി ശ്വേത എന്നിവർ ആസ്റ്റർ മിംസിലും ചികിൽസയിലാണ്. പരുക്കേറ്റ 66 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.
ഇന്നലെ വൈകിട്ട് ആറേമുക്കാലിനാണ് സംഭവം. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനമേള 7 മണി മുതൽ നടക്കാനിരിക്കുകയായിരുന്നു. ഗാനസന്ധ്യക്ക് ഓപ്പൺ എയർഓഡിറ്റോറിയത്തിൽ കയറാൻ എത്തിയവർ തിക്കിലും തിരക്കിലും പെടുകയായിരുന്നു. ഗാനസന്ധ്യയ്ക്കായി കുറേ കുട്ടികളെ സംഘാട സമിതി ഓഡിറ്റോറിയത്തിൽ കയറ്റിയിരിത്തിയിരുന്നു. ഇവരെ കൂടാതെ ധാരാളെ വിദ്യാർഥികൾ ഓഡിറ്റോറിയത്തിന് പുറത്ത് തടിച്ചു കൂടിയിരുന്നു. പുറത്തു മഴ പെയ്തതോടെ പുറത്തു നിന്ന വിദ്യാർഥികളുടെ തള്ളലിൽ ഓഡിറ്റോറിയത്തിൻ്റെ ഗേറ്റ് തുറന്നു പലരും വീണു. ഗേറ്റ് തുറക്കുന്നത് താഴേക്ക് കുത്തനെയുള്ള പടികളിലേക്കാണ്. പലരും തലയിടിച്ചു വീണു. വീണവരെ ചവിട്ടി പിന്നീട് പിന്നീട് വന്നവരും വീണു. സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ തന്നെ 6000 വിദ്യാർഥികളുണ്ട്. സെലിബ്രിറ്റി ഗായികയായതിനാൽ പുറത്തുനിന്നും പലരും വന്നു.
66 പേര്‍ക്ക് പരുക്കേറ്റതായാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. ഇതില്‍ 46 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവർ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമായി എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമുണ്ടെങ്കില്‍ ചികിത്സ ലഭ്യമാക്കുന്നതിലേക്കായി സ്വകാര്യ ആശുപത്രികളോടും സജ്ജമാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.