
കണ്ണൂർ: കണ്ണൂരിലെ ഇരിട്ടിക്ക് സമീപം അയ്യൻകുന്ന് പഞ്ചായത്തിലെ വന മേഖലയിൽ മാവോയിസ്റ്റുകളും കേരള പൊലീസിൻ്റെ തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടി. മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി സംശയിക്കുന്നു. പൊലീസ് പട്രോളിങ്ങിനിടെയാണ് വെടിവയ്പ്പുണ്ടായത്. അയ്യൻകുന്ന് ഉരുപ്പുകുറ്റി വനമേഖലയിലാണ് സംഭവം. സംഭവ സ്ഥലത്തു നിന്ന് ആരും പിടിയിലായിട്ടില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മൂന്നു തോക്കുകൾ പൊലീസ് കണ്ടെടുത്തു. സ്ഥലത്ത് രക്തം വീണു കിടക്കുന്നുണ്ട്. അതിനാൽ ആർക്കോ പരുക്ക് പറ്റിയെന്ന് സംശയിക്കുന്നു. വന മേഖലയിൽനിന്ന് പത്തു മിനിട്ട് നേരം വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കർണാടക വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് അയ്യൻകുന്ന്.
രണ്ട് ദിവസം മുമ്പ് വയനാട് മാനന്തവാടിക്കു സമീപം തലപ്പുഴ, പേര്യ, ചപ്പാരത്ത് പൊലീസിൻ്റെ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും രണ്ടു മാവോയിസ്റ്റുകളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. പേര്യയിൽ നിന്ന് അധികം ദൂരെയല്ല ഇപ്പോൾ ഏറ്റുമുട്ടലുണ്ടായ സ്ഥലം.
കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ് പിടികൂടിയിരുന്നു. തമ്പി എന്നു വിളിക്കുന്ന അനീഷാണ് പിടിയിലായത്.
ഈയിടെ കണ്ണൂർ , വയനാട് മേഖലകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിലെ ചാവച്ചിയിൽ വച്ച് മോവോയിസ്റ്റുകൾ വനപാലകർക്ക് നേരെ വെടിയുതിർത്ത സംഭവമുണ്ടായിരുന്നു. ഒക്ടോബർ 30നാണ് അത് നടന്നത്. ചാവച്ചി വയനാട് , കർണാടക വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. അവിടെനിന്ന് ഒരുപാട് ദൂരത്തല്ല ഇപ്പോൾ ഏറ്റുമുട്ടൽ നടന്ന പ്രദേശം. ഈ പ്രദേശങ്ങളിൽ പല വീടുകളിലും ഭക്ഷണത്തിനും ഭക്ഷ്യവസ്തുക്കൾക്കുമായി മാവോയിസ്റ്റുകൾ എത്താറുണ്ടെന്ന് പലപ്പോഴും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ആറളം സംഭവത്തിനു ശേഷം കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലയിൽ തണ്ടർബോൾട്ട് തിരച്ചിൽ ശക്തമാക്കിയിരുന്നു.
Maoist – Thunderbolt encounter in Kannur Ayyankunnu forest area