‘ഭാരതം’ എന്നാക്കിയിട്ട് കാര്യമില്ല; ബൈഡനെ ചേർത്തുപിടിച്ചതു പോലെ മണിപ്പുരിലെ സഹോദരിമാരെ ചേർത്തുപിടിക്കണം; മാർ ജോസഫ് പാംപ്ലാനി

കാസർഗോഡ്: മണിപ്പൂർ വിഷയത്തിൽ നരേന്ദ്രമോദിയെ വിമർശിച്ചും രാഹുൽ ഗാന്ധിയെ പുകഴ്ത്തിയും തലശേരി അതിരൂപത ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജി20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ചേർത്ത് പിടിക്കുന്നതുപോലെ മണിപ്പുരിൽ ആക്രമണത്തിന് വിധേയരായ സഹോദരിമാരെ ചേർത്തുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രധാനമന്ത്രിയല്ല നരേന്ദ്രമോദി എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും മണിപ്പുരിലെ വംശീയ അതിക്രമങ്ങൾക്കെതിരെയും രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പുർ കലാപബാധിത പ്രദേശങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത് ന്യൂനപക്ഷങ്ങൾക്കൊപ്പം അദ്ദേഹം ഉണ്ടെന്നുള്ള ഉറപ്പാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല മോദി. ‘ഭാരതം’ എന്ന് പേര് മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.