പുരോഹിതര്‍ നിര്‍ബന്ധമില്ല; അഭിഭാഷകന്റെ ചേംബറില്‍വെച്ച് പരസ്പരം മാലയിട്ട് വിവാഹം നടത്താം: സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു നിയമപ്രകാരം വിവാഹിതരാകുന്നതിന് പുരോഹിതരുടെ സാന്നിധ്യം അനിവാര്യമല്ലെന്ന് സുപ്രീംകോടതി. അഭിഭാഷകന്റെ ചേംബറില്‍ വച്ചു നടത്തിയ വിവാഹം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. അഭിഭാഷകന്റെ ചേംബറില്‍വെച്ച് വരനും വധുവും പരസ്പരം മാലയും മോതിരവും കൈമാറുന്ന ലളിതമായ ചടങ്ങിലൂടെയും വിവാഹം നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 

ഹിന്ദു മാരേജ് ആക്ട് പ്രകാരം, അപരിചിതരായ ആളുകളുടെ മുന്നില്‍ വെച്ച് രഹസ്യമായി നടത്തുന്ന വിവാഹം സാധുവല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയിന്മേലാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാരേജ് ആക്ട് അനുച്ഛേദം 7(എ) പ്രകാരം, സഹൃത്ത്/ബന്ധു/സാമൂഹികപ്രവര്‍ത്തകന്‍ തുടങ്ങിയ നിലയില്‍ അഭിഭാഷകര്‍ക്ക് വിവാഹം നടത്താന്‍ കഴിയുമെന്ന് ജസ്റ്റിസമാരായ എസ്. രവീന്ദ്ര ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തില്‍, രണ്ട് ഹിന്ദുക്കള്‍ തമ്മില്‍ നടക്കുന്ന ഏത് വിവാഹത്തിനും സാധുതയുണ്ടെന്ന് അനുച്ഛേദം 7-എയില്‍ പറയുന്നു. സാധുവായ ഒരു വിവാഹത്തിന് ഒരു പുരോഹിതന്റെ സാന്നിധ്യം ആവശ്യമില്ല എന്നതാണ് ഈ വ്യവസ്ഥയില്‍ ഊന്നിപ്പറയുന്നത്.

വിവാഹിതരാകാന്‍ താത്പര്യപ്പെടുന്ന കക്ഷികള്‍ക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തില്‍ അത് നടത്താമെന്നും കക്ഷികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഭാര്യയായോ ഭര്‍ത്താവായോ സ്വീകരിക്കുന്നു എന്നു പറയാമെന്നും അനുച്ഛേദത്തില്‍ പറയുന്നു.

വരനും വധുവും പരസ്പരം മാല ചാര്‍ത്തുകയോ വിരലില്‍ മോതിരം ഇടുകയോ താലി കെട്ടുകയോ ചെയ്യുന്ന ലളിതമായ ചടങ്ങിലൂടെ വിവാഹം പൂര്‍ത്തിയാകും എന്നും അനുച്ഛേദത്തില്‍ പറയുന്നു. സാധുവായ വിവാഹത്തിന് ഈ ചടങ്ങുകളില്‍ ഏതെങ്കിലും മതിയാകും. (പരസ്പരം മാലയിടുന്നതോ,മോതിരം കൈമാറുന്നതോ, താലികെട്ടുന്നതോ.)

More Stories from this section

family-dental
witywide