
ഒട്ടാവ: സ്കൂൾ പാഠ്യപദ്ധതിയിൽ ലിംഗ, ലൈംഗിക സ്വത്വ വിദ്യാഭ്യാസം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കാനഡയിൽ തെരുവിലിറങ്ങി മാതാപിതാക്കൾ. ബുധനാഴ്ച ഗ്രേറ്റർ ടൊറൻ്റോയിലാണ് ആയിരക്കണക്കിനാളുകൾ പ്രതിഷേധവുമായി ഇറങ്ങിയത്.
ലൈംഗികവത്കരണത്തിൽ നിന്നും ലൈംഗിക പ്രബോധനത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. പ്രതിഷേധത്തിലേക്ക് ആയുധം കൊണ്ടുവന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കുഞ്ഞുങ്ങളെ നിർബന്ധിച്ച് ട്രാൻസ്ജെൻഡറുകൾ ആക്കുകയാണെന്നും സെക്ഷ്വൽ ഐഡൻ്റിയെപ്പറ്റി അവർക്ക് ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.
പ്രതിഷേധക്കാരിൽ ഒരാളായ 47 വയസ്സുള്ള ഒരു സ്ത്രീയെ പ്രതിഷേധത്തിന് ആയുധം കൊണ്ടുവന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഈ പ്രതിഷേധത്തിന് മറു പ്രതിഷേധവും നടക്കുന്നുണ്ട്. ഈ പ്രതിഷേധത്തിലും ആയിരങ്ങൾ അണിനിരന്നു.
ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (ടിഡിഎസ്ബി), പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (പിഡിഎസ്ബി), ഡർഹാം ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (ഡിഡിഎസ്ബി), ഹാൽട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (എച്ച്ഡിഎസ്ബി) എന്നിവ പ്രതിഷേധത്തിന് മുമ്പ് വെവ്വേറെ പ്രസ്താവനകൾ പുറപ്പെടുവിച്ചു.
“എല്ലാവരുടെയും മനുഷ്യാവകാശങ്ങളെയും ലിംഗഭേദത്തെയും ഞങ്ങൾ പിന്തുണയ്ക്കുന്നു,” ടിഡിഎസ്ബി പ്രസ്താവനയിൽ പറഞ്ഞതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.












