ടാമ്പ: കുടുംബവുമൊന്നിച്ച് മത്സ്യബന്ധന യാത്ര ആസ്വദിക്കുന്നതിനിടെ ടാമ്പാ മേയർ ജെയ്ൻ കാസ്റ്ററിന്റെ വലയിൽ കുരുങ്ങിയത് 70 പൗണ്ട് കൊക്കെയ്ൻ. ഫ്ലോറിഡ കീസിൽ കഴിഞ്ഞ മാസം മത്സ്യബന്ധനത്തിനിടെയാണ് പൊതികളായി സൂക്ഷിച്ചിരുന്ന കൊക്കെയ്ൻ മേയർ കണ്ടെത്തിയതെന്ന് അവരുടെ ഓഫീസ് അറിയിച്ചു.
യുഎസ് ബോർഡർ പട്രോളിന്റെ മിയാമി സെക്ടറിലെ ചീഫ് പട്രോൾ ഏജന്റ് വാൾട്ടർ സ്ലോസർ പറയുന്നതനുസരിച്ച്, 1.1 ദശലക്ഷം ഡോളർ വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ടാമ്പ മുൻ പൊലീസ് ഓഫീസറും നഗരത്തിന്റെ ആദ്യ വനിതാ പൊലീസ് മേധാവിയും കൂടിയായിരുന്നു ജെയ്ൻ കാസ്റ്റർ. പ്ലാസ്റ്റിക്കിന്റെ ഒന്നിലധികം പാളികളിൽ പൊതിഞ്ഞ പാക്കേജ് കൊക്കെയ്‌നാണെന്ന് തിരിച്ചറിഞ്ഞതായി നഗര വക്താവ് ആദം സ്മിത്ത് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
മിയാമി സെക്ടറിന്റെ ഉത്തരവാദിത്തമുള്ള ചീഫ് ബോർഡർ പട്രോൾ ഏജന്റ് വാൾട്ടർ സ്ലോസർ തന്റെ ഏജന്റുമാർ, ഒളിപ്പിച്ച മയക്കുമരുന്ന് വിജയകരമായി പിടിച്ചെടുത്തതായി ഒരു പ്രസ്താവനയിൽ അറിയിച്ചു. കൊക്കെയ്ൻ ഇഷ്ടികകൾക്കുള്ളിൽ ഒളിപ്പിച്ച് അതിനെ ഭംഗിയായി അലങ്കരിച്ച് പൊതിഞ്ഞാണ് വച്ചിരുന്നതെന്നും അറിയിച്ചു.