
പാർലമെന്റ് അതിക്രമത്തക്കേസിൽ കെട്ടിടത്തിന് അകത്തും പുറത്തും പ്രതിഷേധക്കാർ ഉപയോഗിച്ച ഗ്യാസ് കാനിസ്റ്ററിന്റെ ഒഴിഞ്ഞകൂടിനുവേണ്ടി പിടിവലി നടത്തി ഒരുസംഘം ദൃശ്യമാധ്യമപ്രവർത്തകർ.
ടി.വി.-9-ന്റെ മാധ്യമപ്രവർത്തകനാണ് പാർലമെന്റിന് പുറത്തുള്ള പുൽത്തകിടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന ഗ്യാസ് കാനിസ്റ്ററിന്റെ ഒഴിഞ്ഞ കൂട് ആദ്യം കൈക്കലാക്കിയത്. തത്സമയ റിപ്പോർട്ടിങ്ങിനായി ഇതുപയോഗിച്ചുകൊണ്ടിരുന്ന ഇദ്ദേഹം ഏറെനേരം കഴിഞ്ഞിട്ടും മറ്റു മാധ്യമപ്രവർത്തകർക്ക് ഇത് കൈമാറാൻ കൂട്ടാക്കിയില്ല.
പലരും പിറകെനടന്ന് കൈക്കലാക്കാൻ നോക്കിയെങ്കിലും നടക്കാതെ വന്നതോടെ സി.എൻ.എൻ. ന്യൂസ് 18-ന്റെ വനിത മാധ്യമപ്രവർത്തക കാനിസ്റ്ററിൽ പിടിയമർത്തി. ഈ പിടിവലിദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പിന്നീട് വൈറലായി.