
ചിക്കാഗോ: ഭർത്താവിൻ്റെ വെടിയേറ്റ് ഗുരുതരമായ പരുക്കുകളോടെ ചിക്കാഗോയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം ഉഴവൂര്‍ സ്വദേശി മീര (32) യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശസ്ത്രക്രിയ പൂർത്തിയാകുയും വയറ്റിലെ രക്തസ്രാവം നിലയ്ക്കുകയും ചെയ്തു എന്നാണ് ഡോക്ടർമാർ പറയുന്നത്.
രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയിൽ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോൾ നിയന്ത്രണവിധേയമായെന്നുമാണു ഡോക്ടർമാർ പറയുന്നു. ശ്വാസകോശത്തിനു ദോഷകരമായ എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രോം) മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകൾ നൽകിത്തുടങ്ങി.
സെൻ്റ് സാക്ക്റി പാരിഷിനു സമീപം കാറില്‍ വെച്ച് വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് അമല്‍ റെജിയാണ് മീരക്ക് നേരെ വെടിയുതിര്‍ത്തത്. നാല് മാസം ഗര്‍ഭിണിയാണ് മീര. ഗുരുതരമായ പരുക്കുകളോടെ ലൂഥറൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.രണ്ടു തവണ മീരക്ക് വെടിയേറ്റിരുന്നു. വാരിയെല്ലിനും താടിക്കുമാണ് വെടിയേറ്റത്. തൊട്ടടുത്തുനിന്ന് വെടിയേറ്റതിനാൽ പരിക്ക് ഗുരുതരമാണ്. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം – ലാലി ദമ്പതികളുടെ മകളാണ് മീര. ഇരട്ട സഹോദരി മീനുവും ചിക്കാഗോയിൽ തന്നെയാണ് താമസിക്കുന്നത്.















