സ്വകാര്യ അനാഥാലയത്തിലെ അന്തേവാസി മരിച്ചു,ക്രൂര പീഡനം നേരിട്ടെന്ന് ബന്ധുക്കള്‍

കൊല്ലം : ആറ്റിങ്ങലിലെ സ്വകാര്യ അനാഥാലയത്തിലെ ഭിന്നശേഷിക്കാരനായ അന്തേവാസി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അനാഥാലയത്തിൽ നേരിട്ട ക്രൂരമായ മർദനമാണു മരണകാരണം എന്നാരോപിച്ചു ബന്ധുക്കൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. അഞ്ചൽ മറ്റത്തിക്കോണം പടിഞ്ഞാറ്റിൻകര ജോ ഭവനിൽ ജോമോൻ (27) ആണു ചികിത്സയിൽ കഴിയവെ മരിച്ചത്. കീടനാശിനി ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായി മാതാവും ബന്ധുക്കളും പറഞ്ഞു.

പരാതിയിൽ പറയുന്നത്: ഭിന്നശേഷിക്കാരനായ ജോമോൻ 20 വർഷത്തോളമായി ആറ്റിങ്ങലിലുള്ള ഡോ. അംബേദ്കർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്റർ ‌ഫോർ ദ് മെന്റലി ചല‍ഞ്ച്ഡ് ആൻഡ് റസിഡൻഷ്യൽ സ്കൂളിലെ അന്തേവാസിയാണ്. മാതാവ് വൈ.മോളിക്കുട്ടി പ്രവാസിയാണ്. മാതാവ് കഴിഞ്ഞ ആഴ്ച കാണാൻ ചെന്നപ്പോൾ വസ്ത്രം പോലും ഇല്ലാതെ അവശനിലയിലായിരുന്നു ജോമോൻ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ദേഹത്ത് അടിയേറ്റ പാടുകൾ കണ്ടെത്തി. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. ഇന്നു പോസ്റ്റ്മോർട്ടം നടത്തും. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി ആറ്റിങ്ങൽ പൊലീസ് അറിയിച്ചു.

എന്നാൽ, പരാതിക്കു പിന്നിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് അനാഥാലയം അധികൃതർ പറഞ്ഞു. മരുന്നും ചികിത്സയും കൃത്യമായി കൊടുത്തിരുന്നതായും മർദനമേറ്റെന്നുള്ള ആരോപണം തെറ്റാണെന്നും അധികൃതർ പറഞ്ഞു.