ന്യുഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സാധാരണ മോദി ഉപയോഗിക്കുന്നത് മേരേ പ്യാരേ ദേശ് വാസിയോം എന്നായിരുന്നു. അതല്ലെങ്കില്‍ ഭായിയോം ഓര്‍ ഭഹനോം എന്നായിരുന്നു. ഇതുരണ്ടുമല്ല ഇത്തവണ ചെങ്കോട്ടയില്‍ നടത്തിയ പത്താമത് അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത്. മേരേ പരിവാര്‍ ജനോം എന്നുപറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം തുടങ്ങിയത്. മേരേ പരിവാര്‍ ജനോം എന്നുവെച്ചാല്‍ എന്‍റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ എന്ന്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗമായിരുന്നു ചെങ്കോട്ടയില്‍ നടന്നത്. അതില്‍ പതിവ് ശൈലി മാറ്റിയുള്ള മോദിയുടെ പ്രകടനം വെറുതെയാണോ എന്ന ചര്‍ച്ചകള്‍ സജീവമാവുകയാണ്. രാജ്യത്തെ 140 കോടി ജനങ്ങളെ എന്‍റെ കുടുംബങ്ങളെ എന്ന് വിളിച്ച് മോദി ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടിയാണ് തുടക്കമിടുന്നത്.
സ്വാതന്ത്ര്യ ദിന സന്ദേശത്തിനുപരി തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ മോദിയുടെ ശരീരഭാഷയില്‍ പ്രകടമായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി തന്‍റെ അധികാരത്തില്‍ അധികാരത്തില്‍ തുടരേണ്ടത് അത്യാവശ്യമാണ് എന്ന് മോദി ഓര്‍മ്മിപ്പിക്കുന്നു. 2027ല്‍ ലോകത്തെ ശക്തിയായി ഇന്ത്യ മാറും. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വര്‍ഷത്തില്‍ ലോകത്തിന്‍റെ നെറുകയിലേക്ക് ഉയരാന്‍ പോകുന്നത് ഇന്ത്യയുടെ പതാകയായിരിക്കുമെന്ന് മോദി പറഞ്ഞു.
ചെങ്കോട്ട പ്രസംഗത്തിന് ശേഷം ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ കാണാന്‍ സദസിലേക്ക് ഇറങ്ങിയ മോദി പതിവില്‍ നിന്ന് വിഭിന്നമായി ഒരുപാട് സമയം അവര്‍ക്കിടയില്‍ ചിലവഴിച്ചു. രാജ്യത്തെ സാധാരണക്കാരായ നിരവധിയാളുകളെ ഇത്തവണ സ്വതന്ത്ര്യ ദിന ചടങ്ങുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ എത്തിയത്.