മെക്സിക്കൻ ലഹരി രാജാവ് എൽ ചാപ്പോയുടെ ഭാര്യ ജയിൽ മോചിതയായി

ന്യൂയോർക്ക്: കുപ്രസിദ്ധ മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവനായ വാകീൻ ഗുസ്മാൻ എന്ന ‘ എൽ ചാപ്പോ’യുടെ ഭാര്യ എമ്മ കൊറോനൽ ഐസ്പറോ യു.എസ് ജയിലിൽ നിന്ന് മോചിതയായി. മയക്കുമരുന്ന് കടത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ എമ്മയ്ക്ക് 2021 നവംബറിൽ മൂന്ന് വർഷത്തെ ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ കാലിഫോർണിയയിലെ ഫെഡറൽ ജയിലിൽ കഴിഞ്ഞ 34കാരിയായ എമ്മയ്ക്ക് ശിക്ഷയിൽ പിന്നീട് ഇളവ് ലഭിച്ചു.

കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മയക്കുമരുന്ന് മാഫിയ സംഘമായ സിനലോവ കാർട്ടലിന്റെ സ്ഥാപകനുമായ എൽ ചാപ്പോ നിലവിൽ അമേരിക്കയിലെ കൊളറാഡോയിലെ ഫ്ലോറൻസിലുള്ള എ.ഡി.എക്‌സ് ഫെഡറൽ ജയിലിൽ ജീവപര്യന്തം തടവിലാണ്.

ജനിച്ചത് സാൻഫ്രാൻസിസ്കോയിലാണെങ്കിലും സിനലോവ കാർട്ടലിന് സ്വാധീനമുണ്ടായിരുന്ന മെക്സിക്കോയിലെ ഡുരാങ്കോയിലാണ് എമ്മ വളർന്നത്. ജയിലിൽ കഴിയുന്ന എൽ ചാപ്പോയ്ക്ക് അവിടെ നിന്ന് കൊണ്ടുതന്നെ ലഹരി മരുന്ന് ഇടപാടുകൾ നടത്താൻ സഹായിച്ചെന്ന പേരിലാണ് എമ്മ അറസ്റ്റിലായത്.

കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ അമേരിക്കയിലേക്ക് കടത്താൻ പദ്ധതിയിട്ടിരുന്ന എമ്മ 2015ലും 2016ലും എൽ ചാപ്പോയുടെ ജയിൽച്ചാട്ട ഗൂഡാലോചനയിൽ പ്രധാന പങ്കാളിയായതായും പറയപ്പെടുന്നു. മുൻ സൗന്ദര്യ മത്സര വിജയിയും മോഡലുമായ എമ്മയ്ക്ക് അമേരിക്കയിലും മെക്സിക്കോയിലും പൗരത്വമുണ്ട്. 2007ൽ എമ്മ തന്നേക്കാൾ 30 വയസ് കൂടിയ എൽ ചാപ്പോയെ വിവാഹം ചെയ്തു. എൽ ചാപ്പോയുടെ നാലാമത്തെ വിവാഹമായിരുന്നു ഇത്.

എൽ ചാപ്പോ-എമ്മ ദമ്പതികൾക്ക് ഇരട്ട പെൺകുട്ടികളാണുള്ളത്. ഇരുവരും ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് 2014ൽ എൽ ചാപ്പോ മെക്സിക്കൻ പൊലീസിന്റെ പിടിയിലായത്. എൽ ചാപ്പോ വിചാരണ നേരിടുമ്പോഴും എമ്മ ആഡംബര ജീവിതം തുടർന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന എമ്മ ഡിസൈനർ ഔട്ട്ഫിറ്റുകളിലൂടെ ഫാഷൻ ലോകത്ത് ശ്രദ്ധനേടി.

2019ൽ ഒരു വസ്ത്ര ബ്രാൻഡ് ആരംഭിച്ച എമ്മ ടെലിവിഷൻ ഷോകളിലും അഭിമുഖങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ 2021 ഫെബ്രുവരിയിൽ വാഷിംഗ്ടണിലെ വിമാനത്താവളത്തിൽ വച്ച് എമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

2015ൽ എൽ ചാപ്പോയുടെ ജയിൽച്ചാട്ടത്തിന് പിന്നിൽ എമ്മയും സംഘവുമായിരുന്നു. ജയിലിന് അടുത്തായി സ്ഥലം വാങ്ങിയ സംഘം ആയുധങ്ങളും എല്ലാ സജ്ജീകരണങ്ങളോട് കൂടിയ ട്രക്കും തയാറാക്കി. ജി.പി.എസ് സംവിധാനമുള്ള വാച്ച് ജയിലിനുള്ളിൽ എൽ ചാപ്പോയ്ക്ക് എത്തിച്ചു നൽകി.

ഇതിലൂടെ എൽ ചാപ്പോയുടെ സെല്ലിന്റെ സ്ഥാനം കണ്ടെത്തി പുറത്തുനിന്ന് ജയിലിലേക്ക് ടണൽ നിർമ്മിച്ചായിരുന്നു ജയിൽച്ചാട്ടത്തിന്റെ പദ്ധതി തയാറാക്കിയത്. എന്നാൽ,​ 2016ൽ എൽ ചാപ്പോയെ വീണ്ടും പിടികൂടുകയും 2017ൽ യു.എസിന് കൈമാറുകയും ചെയ്യുകയായിരുന്നു. സിനലോവ കാർട്ടൽ അംഗമായ എമ്മയുടെ പിതാവ് ഐനസ് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് മെക്സിക്കൻ ജയിലിലാണ്.

More Stories from this section

dental-431-x-127
witywide