‘ഗുരുതര അവകാശ ലംഘനം’; ഇനി മെക്സിക്കോയില്‍ ഗർഭഛിദ്രം കുറ്റകരമല്ല

രാജ്യവ്യാപകമായി ഗർഭഛിദ്രം കുറ്റകരമല്ലാതാക്കി മെക്സിക്കോ. പുതിയ വിധി പ്രകാരം രാജ്യത്തെ 32 സംസ്ഥാനങ്ങളിലും ഗർഭച്ഛിദ്രം നിയമവിധേയമായി. ഗർഭഛിദ്രം നിഷേധിക്കുന്നത് സ്ത്രീകളുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുരക്ഷിത ഗർഭച്ഛിദ്രം അനുവദിക്കുന്ന ഫെഡറൽ ഹെൽത്ത് കെയർ സംവിധാനത്തിനാണ് പുതിയ വിധി വഴിതുറക്കുന്നത്.

ബലാത്സംഗ കേസുകളിലെ ഇരകളെ അമ്മയാകാന്‍ നിർബന്ധിക്കാന്‍, മാതാപിതാക്കള്‍ക്കോ, ഭരണകൂടത്തിനോ അവകാശമില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അർതുറോ സാൽദിവർ വ്യക്തമാക്കി. ഗുരുതര അവകാശ ലംഘനമാണ് ഇവിടെ നടക്കുന്നത്. അതിജീവിത നേരിട്ട ആഘാതത്തിന്റെ അത്രയും തന്നെ പ്രാധാന്യം പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ഇടപെടുന്ന കാര്യത്തിലും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.

2007-ൽ മെക്‌സിക്കോ സിറ്റിയാണ് രാജ്യത്തെ ആദ്യമായി ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമല്ലാതാക്കിയത്. തുടർന്ന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും ഈ പാത പിന്തുടർന്നിരുന്നു. ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാ രാഷ്ട്രമായ മെക്സിക്കോയിലെ പുതിയ സെക്കുലർ സർക്കാരിന്റെ തീരുമാനം രാജ്യത്തെ യാഥാസ്ഥിതികരെയും കത്തോലിക്കാ സഭയെയും പ്രകോപിപ്പിക്കുന്നതാണ്.

അതേസമയം, നിയമത്തെ സ്വാഗതം ചെയ്ത മനുഷ്യാവകാശ സംഘടനകള്‍ പരസ്യത്തിനപ്പുറം, ബോധവത്കരണത്തിനായി പ്രാദേശിക സർക്കാരുകള്‍ ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യപ്പെട്ടു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് രാജ്യത്തെ സ്ത്രീകളെ അറിയിക്കണമെന്ന് ആക്ടിവിസ്റ്റ് സാറ ലവേര വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. കൊളംബിയ, ക്യൂബ, ഉറുഗ്വേ, അർജന്റീന തുടങ്ങിയ മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിലവില്‍ ഗർഭച്ഛിദ്രം നിയമവിധേയമാണ്.

More Stories from this section

family-dental
witywide