
ഡിട്രോയിറ്റ്: സിനഗോഗ് നേതാവ് സാമന്ത വോളിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. 28കാരനായ പ്രതി ഡെട്രോയിറ്റിലെ മൈക്കല്‍ ജാക്സണ്‍-ബൊലനോസിനെതിരെ കുറ്റം ചുമത്തിയതായി വെയ്ന്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ കിം വര്‍ത്ത് ബുധനാഴ്ച അറിയിച്ചു. കൊലപാതകത്തിനു പുറമേ, വീട്ടില്‍ അതിക്രമിച്ചു കയറിയതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അതേസമയം പ്രതിക്ക് സാമന്ത വോളിനെ പരിചയമില്ലെന്ന് വെയ്ന്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ കിം വര്‍ത്ത് പറഞ്ഞു. എന്നാല്‍ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡിട്രോയിറ്റ് പോലീസ് തയ്യാറായില്ല. മിഡില്‍ ഈസ്റ്റിലെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വോള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ജൂത-മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം കെട്ടിപ്പടുക്കുന്നതില്‍ പരിശ്രമിച്ച വ്യക്തിയായിരുന്നു വോള്‍.
വീട്ടില്‍ വെച്ച് നിരവധി തവണ കുത്തേറ്റാണ് വോള്‍ കൊല്ലപ്പെട്ടത്. എട്ട് തവണ കുത്തേറ്റ വോള്‍ വീടിനു പുറത്തേക്ക് ഓടിയിറങ്ങിയെങ്കിലും തളര്‍ന്നു വീഴുകയായിരുന്നു. കൊലപാതകം വിദ്വേഷ കുറ്റകൃത്യമാണെന്ന് കരുതുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ കിം വര്‍ത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊലപാതകം നടന്ന രാത്രിയില്‍ പ്രതി ധരിച്ചിരുന്ന ജാക്കറ്റില്‍ വോളിന്റെ രക്തം കണ്ടെത്തിയതായി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
















