
കൊച്ചി: ഭാര്യ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസിനോട് ഇപ്പോള്‍ ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു.. “ഹാപ്പി ഓണം, ഓണാശംസകള്‍”.. മന്ത്രിയെ കണ്ട ഉടന്‍ മൈക്കുമായി ഓടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഹാപ്പി ഓണം ആശംസിച്ച്, ആശംസിച്ച് മന്ത്രി സ്ഥലം വിട്ടു. മന്ത്രി വാഹനത്തില്‍ കയറും വരെ അദ്ദേഹത്തെ വളഞ്ഞിട്ട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഓണാശംസകള്‍ എന്നല്ലാതെ അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞില്ല.
തനിക്ക് അനങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് മന്ത്രി കുറച്ചു ദിവസം മുമ്പ് പറഞ്ഞിരുന്നു. എനിക്ക് മുന്നോട്ടു നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെചെയ്താല്‍ മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്തു എന്ന വാര്‍ത്ത വരും. മിണ്ടാതിരുന്നാല്‍ ഉത്തരംമുട്ടി എന്നു പറയും. ചിരിച്ചാല്‍ പരിഹസിച്ച ഭീകരന്‍ എന്നു പറയും.തിരിഞ്ഞു നടന്നാല്‍ ഒളിച്ചോടി എന്നു പറയും. ഞാന്‍ ഒരു മനുഷ്യനാണ്, എന്താണ് വേണ്ടതെന്ന് നിങ്ങള്‍ പറയൂ..- അദ്ദേഹം പറഞ്ഞു.