നടുറോഡില്‍ കിടന്ന് പ്രവാസി വ്യവസായിയുടെ പ്രതിഷേധ സമരം; പ്രശ്‌നം പരിഹരിച്ചുവെന്ന് മന്ത്രി പി രാജീവ്

കോട്ടയം: വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാതെ ചുറ്റിക്കുകയാണെന്ന പരാതിയില്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പ്രതിഷേധ സമരം നടത്തിയ പ്രവാസി സംരംഭകന്‍ ഷാജിമോന്റെ പ്രശ്‌നം പരിഹരിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഷാജിക്ക് കെട്ടിട നമ്പര്‍ കിട്ടിയില്ലെന്ന കാര്യം താനോ സ്ഥലം എംഎല്‍എയോ അറിഞ്ഞിരുന്നില്ലെന്നും മന്ത്രി പറയുന്നു. വ്യവസായിയുമായി നേരിട്ട് സംസാരിച്ചുവെന്നും പ്രശ്‌നം പരിഹരിച്ചെന്നും മന്ത്രി വ്യക്തമാക്കി.

25 കോടി നിക്ഷേപിച്ച് സംസ്ഥാനത്ത് ഒരു വ്യവസായ സ്ഥാപനം തുടങ്ങിയിട്ടും സാങ്കേതിക നൂലാമാലകള്‍ പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ നല്‍കുന്നില്ലെന്നാരോപിച്ച് ഒന്നര മണിക്കൂറോളം സമയം ഷാജിമോന്‍ പൊരി വെയിലില്‍ ടാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചിരുന്നു. ഒരു സിറ്റിങ്ങില്‍ തീര്‍ക്കാവുന്ന പ്രശ്‌നമാണെന്നും കാലു പിടിക്കാത്തതിലുള്ള ശത്രുതയും പ്രതികാരവുമാണ് പഞ്ചായത്ത് നടത്തുന്നതെന്നും ഷാജിമോന്‍ ആരോപിച്ചിരുന്നു.

പഞ്ചായത്തുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നു വ്യക്തമാക്കിയാണ് ഷാജി കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ സമരം ആരംഭിച്ചത്. എന്നാല്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ സമരം നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞ് ബലം പ്രയോഗിച്ച് പൊലീസ് ഷാജിമോനെ കിടന്ന കട്ടിലടക്കം പൊക്കിയെടുത്ത് പുറത്ത് നടുറോഡിലേക്ക് മാറ്റുകയായിരുന്നു. പൊള്ളുന്ന വെയിലില്‍ നടുറോഡില്‍ കിടന്ന ഷാജിമോന്‍ പരിഹാരമുണ്ടാകുന്നത് വരെ സമരത്തില്‍ പിന്മാറില്ലെന്ന് പ്രഖ്യാപിച്ചതോടെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു.

സിപിഎം ഏരിയ സെക്രട്ടറിയും സ്ഥലം എംഎല്‍എ മോന്‍സ് ജോസഫടക്കം സ്ഥലത്തെത്തുകയും മോന്‍സ് ജോസഫുമായി സംസാരിക്കുകയും ചെയ്തു.
രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ കെട്ടിട നമ്പര്‍ വേഗത്തില്‍ നല്‍കാന്‍ ധാരണയായി. മാസങ്ങളായി കയറി ഇറങ്ങിയിട്ടും കെട്ടിട നമ്പര്‍ നല്‍കാതെ മുപ്പതിലേറെ രേഖകള്‍ വേണമെന്ന് വാശി പിടിച്ചിരുന്ന പഞ്ചായത്ത് അധികൃതര്‍ കേവലം മൂന്ന് രേഖകള്‍ കൂടി ഹാജരാക്കിയാല്‍ മതിയെന്ന് ഉന്നതതല യോഗത്തില്‍ സമ്മതിച്ചു.

More Stories from this section

family-dental
witywide