
വയനാട്: ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ എ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കുയർന്ന് മലയാളികളുടെ അഭിമാന താരം മിന്നു മണി. ഇന്ത്യൻ വനിതാ ടീമിൽ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരമെന്ന അപൂർവ്വനേട്ടത്തിനും മിന്നു മണി അർഹയായി.
ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിനെയാണ് മിന്നു മണി നയിക്കുക. പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ 1, 3 തീയതികളിലാണ് മത്സരം നടക്കുക.
വയനാട് മാനന്തവാടി സ്വദേശിയായ മിന്നു ഇന്ത്യൻ ജേഴ്സിയിലെത്തുന്ന ആദ്യ മലയാളി വനിതാ താരം കൂടിയാണ്. 2023 ജൂലൈയിൽ നടന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു മിന്നുവിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ദേശീയ ടീമിൽ ഇതുവരെ നാല് ടി20 മത്സരങ്ങളിൽ ഭാഗമായിട്ടുണ്ട്.
2019ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു. അടുത്തിടെ നടന്ന ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീമിലും മിന്നു കളിച്ചിരുന്നു. ബംഗ്ലാദശിനെതിരായ മത്സരത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റ പരമ്പരയിൽ തന്നെ അഞ്ച് വിക്കറ്റുകൾ മിന്നുമണി സ്വന്തമാക്കിയിരുന്നു. 16ാം വയസ്സിലാണ് മിന്നു കേരള ടീമിലെത്തുന്നത്. 10 വർഷമായി കേരള ടീമിലെ സ്ഥിരസാന്നിധ്യമാണ്. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഓൾറൗണ്ടർ കൂടിയാണ്.