
ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മിഷോങ് ചുഴലിക്കാറ്റായി മാറിയ ന്യൂനമര്‍ദം നേരിടാന്‍ തമിഴ്നാടും ആന്ധ്രാപ്രദേശും സജ്ജമായി.
മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാറ്റ് തിങ്കളാഴ്ച ഉച്ചയോടെ വടക്കന്‍ തമിഴ്നാട് തീരങ്ങളിലേക്ക് എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകുംനാളെ മിഷോങ് ചുഴലിക്കാറ്റ് കരതൊടാന്‍ സാധ്യത.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ ചില സ്ഥലങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം വരെ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി.
ഇവിടങ്ങളില്‍ 20 സെന്റിമീറ്ററിലധികം മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഐഎംഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളും ബാധിത പ്രദേശമായി കണക്കാക്കുന്ന ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍, വരാനിരിക്കുന്ന ചുഴലിക്കാറ്റ് കണക്കിലെടുത്ത് കഴിവതും വീട്ടിലിരുന്ന് ജോലിചെയ്യാനോ അവശ്യ ജീവനക്കാരെ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കാനോ നിര്‍ദ്ദേശിക്കാന്‍ സ്വകാര്യ കമ്പനികളോടും ഓഫീസുകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.