‘മലേഷ്യൻ വിമാനം പൈലറ്റ് തട്ടിക്കൊണ്ടു പോയതാകാം’; വീണ്ടും തിരച്ചിലിനായി വിദഗ്ധർ

ലണ്ടൻ: ഒരു ദശാബ്ദത്തോളമായി കാണാതായ മലേഷ്യൻ എയർലൈൻസിന്റെ MH370 വിമാനത്തിനായി പുതിയ തിരച്ചിൽ നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്താനാകുമെന്ന് വിദഗ്ധർ. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരച്ചിലിനൊരുങ്ങുകയാണ് ഈരംഗത്തെ വിദഗ്ധരായ ജീൻ-ലൂക് മാർച്ചൻഡും പൈലറ്റ് പാട്രിക് ബ്ലെല്ലിയും.

2014 മാർച്ച് എട്ടിന് 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ‍ എയർലൈൻസിന്റെ എംഎച്ച്370 വിമാനം കണ്ടെത്താൻ സാധിക്കുമെന്നാണ് അവകാശവാദം. ലണ്ടനിലെ റോയൽ എയറോനോട്ടിക്കൽ സൊസൈറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെ വിമാനത്തിനായി വീണ്ടും തിരച്ചിൽ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.

വിമാനം തട്ടിക്കൊണ്ടുപോയതാകാം എന്നാണ് ഇരുവരും കരുതുന്നത്. പുതുതായി തിരച്ചിൽ ആരംഭിക്കണം. വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ ബോധപൂർവം ആരോ ഓഫാക്കിയതാണെന്ന വാദവും വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റം ഓട്ടോപൈലറ്റ് മൂലമല്ലെന്ന കണ്ടെത്തലും സംഘം പരിശോധിക്കുന്നുണ്ട്. തങ്ങളുടെ കണ്ടെത്തലുകൾ റോയൽ എയ്‌റോനോട്ടിക്കൽ സൊസൈറ്റിക്ക് മുമ്പാകെ ഇരുവരും അവതരിപ്പിച്ചു.

വിമാനം തട്ടിക്കൊണ്ടുപോയി ആഴക്കടലിൽ വീഴ്ത്തിയതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദിഷ്ട സ്ഥലത്ത് തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് മർച്ചന്റും ബെല്ലിയും പറഞ്ഞു. പരിചയസമ്പന്നനായ ഒരു പൈലറ്റാണ് ഇത് നടത്തിയതെന്നും മർച്ചന്റ് അവകാശപ്പെടുന്നു.

More Stories from this section

family-dental
witywide