
കൊല്ലം∙ കൊല്ലത്ത് ആറു വയസ്സുകാരിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നതു നാലുപേരെന്നു പെൺകുട്ടിയുടെ സഹോദരൻ. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. ഇവർ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നെന്നും അറിയുന്ന ആരും കൂട്ടത്തിലുണ്ടായിരുന്നില്ലെന്നും എട്ടുവയസ്സുകാരൻ പറഞ്ഞു.
അമ്മയ്ക്ക് നൽകാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം തങ്ങളുടെ അടുത്ത് കാർ നിർത്തിയതെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. ഇന്ന് വൈകീട്ട് നാലുമണിക്കാണ് കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ റെജിയുടെ മകൾ അഭികേൽ സാറ റെജി എന്ന ആറുവയസ്സുകാരിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
കാർ നിർത്തിയ ശേഷം തങ്ങളെ ഇരുവരെയും വലിച്ചിഴച്ച് കയറ്റാൻ ശ്രമിച്ചെന്നും താൻ കുതറിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും നാലാം ക്ലാസുകാരനായ സഹോദരൻ പറഞ്ഞു. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്നു ഇരുവരും. പിന്നിലാണ് കാർ വന്നത്. ആദ്യം പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു.
ഇതിനു പിന്നാലെ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിന്റെ ഫോണിലേക്ക് കോൾ വന്നു. ഒരു സ്ത്രീയാണ് വിളിച്ചത്. കുട്ടി സുരക്ഷിതയാണെന്നു വിളിച്ച വ്യക്തി പറഞ്ഞതായും വിവരമുണ്ട്. ഫോണ്‍ കോളിന്റെ ആധികാരികത സംബന്ധിച്ച് പോലീസ് പരിശോധന നടത്തുകയാണ്.
കാറിന്റെ നമ്പര്‍ വ്യാജമാണെന്നും തട്ടിക്കൊണ്ടുപോയ കാറിന്റേതായി കാണിച്ച നമ്പരിലുള്ള യഥാര്‍ഥ ആര്‍ സി ഓണറെ കണ്ട് കാര്‍ നമ്പര്‍ വ്യാജമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.