ഏഴ് മണിക്കൂർ നീണ്ട പോരാട്ടം; മിസ്സിസ്സിപ്പിയിൽ 364 കിലോ ഭാരമുള്ള മുതലയെ പിടിച്ചു

മിസ്സിസിപ്പി: അമേരിക്കയിലെ മിസ്സിസിപ്പിയില്‍ ഇതു മുതല വേട്ടയുടെ സമയമാണ്. ഇത്തവണ വേട്ടയാടപ്പെട്ടിരിക്കുന്നത് അമേരിക്കയിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നീളമേറിയ മുതലയെയാണ്. മിസിസിപ്പി ഡിപ്പാർട്ട്‌മെന്റ് ഓഫ് വൈൽഡ്‌ഫയർ, ഫിഷറീസ് ആൻഡ് പാർക്ക്‌സ് (MDWFP) പറയുന്നതനുസരിച്ച്, ഈ മുതലയ്ക്ക് 14 അടി 3 ഇഞ്ച് നീളവും 364 കിലോഗ്രാം ഭാരവുമുണ്ട്. യാസൂ നദിയിൽ വച്ചാണ് ഇതിനെ പിടികൂടിയത്.

രാത്രി 9 മണി മുതൽ പുലർച്ചെ 4 മണിവരെ നീണ്ടുനിന്ന വേട്ടയ്‌ക്കൊടുവിലാണ് മുതലയെ പിടികൂടാനായതെന്ന് യുഎസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഡൊണാൾഡ് വുഡ്സും സംഘവും ചേർന്നാണ് വേട്ട നടത്തിയത്. “എട്ടടി നീളമുള്ളതും പത്തടി നീളമുള്ളതുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത് അതിലും വലുതായിരുന്നു,” ഡൊണാൾഡ് വുഡ്സ് പറഞ്ഞു.

മുതലയെ പിടികൂടാൻ ശ്രമിക്കുന്ന സമയത്ത് അതിന്റെ വലുപ്പം എത്രയാണ് എന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ എട്ടോ ഒൻപതോ തവണ അവനെ കുരുക്കിട്ടു. ഓരോ തവണയും അവനത് പൊട്ടിച്ചു. പിന്നീട് താഴെ പോയി കുറച്ച് സമയത്തിന് ശേഷം വീണ്ടും മുകളിലേക്ക് വരും. ഇത് തുടർന്നുകൊണ്ടേയിരുന്നു. അവൻ ചെയ്യുന്നതെന്താണെന്ന് അവന് അറിയാമായിരുന്നു. പക്ഷെ രസമെന്തെന്നാൽ ഒരേ സ്ഥലത്താണ് അവൻ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നത്.”