ലൊസാഞ്ചൽസിൽ പട്ടാപകൽ വൻ കൊള്ള; 50 പേരടങ്ങുന്ന സംഘം ഒരു ലക്ഷം ഡോളറിലധികം വില വരുന്ന വസ്തുക്കൾ കൊള്ളയടിച്ചു

ലൊസാഞ്ചൽസ്: അൻപത് പേരടങ്ങുന്ന സംഘം ലൊസാഞ്ചൽസിലെ ടോപാംഗ മാളിൽ നിന്ന് ഒരു ലക്ഷം ഡോളറിലധികം വില വരുന്ന ചരക്കുകൾ കൊള്ളയടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ബിയർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ചതിനു ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.

മാസ്കും മറ്റും ഉപയോഗിച്ച് മുഖം മറച്ചാണ് സംഘം കൊള്ള നടത്തിയത്. ശനിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ ടോപംഗ മാളിലെ ആഡംബര വസ്ത്ര വ്യാപാര കേന്ദ്രത്തിലെ വിലപിടിപ്പുള്ള ബാഗുകളും വസ്ത്രങ്ങളും സംഘം കവരുകയായിരുന്നു. നഗരത്തിലെ ഒരു തുണിക്കടയിൽ നടന്ന ഏറ്റവും വലിയ കവർച്ചയായിരുന്നു സംഭവം. കുറ്റവാളികളെ പിടികൂടുമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ വാങ്ങി കൊടുക്കുമെന്നും പൊലീസ് അറിയിച്ചു.