
സ്വവര്‍ഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിവാഹം എന്ന ആശയം കാലാനുസൃതമായി പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെന്നും ആര്‍ ബിന്ദു പറഞ്ഞു. സ്വവര്‍ഗ വിവാഹം വിധിയില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ നിരീക്ഷണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവാഹവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞ ആശയം വളരെ പ്രസക്തമാണെന്നും മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.
സ്വവര്‍ഗ്ഗ വിവാഹം എന്നത് വ്യക്തിയുടെ മൗലിക അവകാശമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിധി. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തിപരമാണ്. സ്വവര്‍ഗ്ഗ അനുരാഗത്തിന്റെ പേരില്‍ ആരെയും ക്രൂശിക്കരുത്. അവര്‍ക്ക് ആവശ്യമായ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി.
അതേസമയം ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിച്ചത് ജസ്റ്റിസ് എസ്.കെ കൗള്‍ മാത്രമാണ്. മറ്റ് മൂന്ന് ജഡ്ജിമാര്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് എതിരെ വിധി എഴുതിയതോടെ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല.













