പതിവുപോലെ മോദിയുടെ വാഗ്ദാന മഴ, പക്ഷേ തക്കാളി വില ഇപ്പോഴും 200ന് മുകളില്‍, പ്രതിപക്ഷമില്ലാതെ ചെങ്കോട്ട

ന്യുഡല്‍ഹി: ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യ വളരുകയാണെന്നാണ് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അടുത്ത അഞ്ച് വര്‍ഷം നിര്‍ണായകമാണ്. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ശക്തിയായിരിക്കും ഇന്ത്യ. ലോകത്തിന്റെ നെറുകയിലേക്ക് ഉയരാന്‍ പോകുന്നത് ഇന്ത്യയുടെ പതാക ആയിരിക്കും എന്ന് മോദി പറഞ്ഞു. 

യഥാര്‍ത്ഥത്തില്‍ ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. ഈ രണ്ട് വിഷയങ്ങളില്‍ എന്തെങ്കിലു‍ം ക്രിയാത്മക നിര്‍ദ്ദേശം മോദിയുടെ പ്രസംഗത്തില്‍ ഉണ്ടായില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്ന് മാത്രം പ്രധാനമന്ത്രി പറഞ്ഞു. പക്ഷെ, പരിശ്രമമം മാത്രമേ ഉള്ളു വിപണിയിലെ തീവില ഇതുവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ആയിട്ടില്ല.

തക്കാളി വില ഇപ്പോഴും 200 ന് മുകളിലാണ്. സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. 

എന്തൊ വലിയൊരു നേട്ടത്തിലേക്ക് ഇന്ത്യ നീങ്ങുന്നു അതിന് തന്നെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന് പറയാതെ പറയുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ പത്താം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മോദി ചെയ്തത്. മണിപ്പൂര്‍ പരാമര്‍ശിച്ചുപോയ മോദി പക്ഷെ, രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ സാമുദായിക ഐക്യം തകരുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. ഏറ്റവും ഒടുവില്‍ ഹരിയാനയിലെ നൂവില്‍ അത് കണ്ടു. പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലും ബീഹാറിലുമൊക്കെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പലതവണയുണ്ടായി. പക്ഷെ അത്തരം സംഭവങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയും മറുവശത്ത് രാജ്യം വളരുകയാണെന്ന് പറയുകയും ചെയ്യുന്നു. 

ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ചടങ്ങുകളില്‍ നിന്ന് പ്രതിപക്ഷ പാര്‍ടികള്‍ വിട്ടുനിന്നു. ഇതേ കുറിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം ഇതായിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷ കാരണം സ്വാതന്ത്ര്യ ദിന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെങ്കോട്ടയിലേക്ക് പോകാനായില്ല. അതുകൊണ്ട് രാവിലെ 9.20ന് ദില്ലിയിലെ‍ ഔദ്യോഗിക വസതിയില്‍ പതാക ഉയര്‍ത്തി, പിന്നീട് കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി അവിടെയും പതാക ഉയര്‍ത്തി. അടുത്ത സ്വാതന്ത്ര്യ ദിനത്തില്‍ മോദി ചെങ്കോട്ടയില്‍ അല്ല സ്വന്തം വീട്ടിലായിരിക്കും ദേശീയ പതാക ഉയര്‍ത്തുക എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇതേ പ്രസ്താവനയുമായി ആര്‍.ജെ ഡി നേതാവ് തേജസ്വി യാദവും രംഗത്തെത്തി. 2024ല്‍ ചെങ്കോട്ടയില്‍ ഇന്ത്യ സഖ്യം പതാക ഉയര്‍ത്തുമെന്ന് തേജസ്വി യാദവ് പറഞ്ഞു. 

More Stories from this section

family-dental
witywide