ലണ്ടൻ: ഹാരോഡ്‌സ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ വാങ്ങുകയും തന്റെ മകന്റെയും ഡയാന രാജകുമാരിയുടെയും മരണത്തിന് പിന്നിൽ ബ്രിട്ടീഷ് രാജകുടുംബമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്‌ത ഈജിപ്ഷ്യൻ കോടീശ്വരൻ മുഹമ്മദ് അൽ ഫായിദ്(94) അന്തരിച്ചു. ഡയാനയുടെയും മകൻ ഡോഡിയുടെയും 26-ാം ചരമവാർഷികത്തിന് ഒരു ദിവസം മുമ്പാണ് അൽ ഫായിദ് മരിച്ചത്.
ഈജിപ്ഷ്യൻ നഗരമായ അലക്സാണ്ട്രിയയിൽ ജനിച്ച അൽ-ഫയദ് തയ്യൽ മെഷീൻ വിൽപ്പനക്കാരനായാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമായി റിയൽ എസ്റ്റേറ്റ്, ഷിപ്പിംഗ്, നിർമ്മാണം എന്നിവ കെട്ടിപ്പടുത്തു. ഹാരോഡ്‌സ്, ഫുൾഹാം, പാരീസിലെ റിറ്റ്‌സ് ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തമായുണ്ടായിരുന്നെങ്കിലും ബ്രിട്ടനിൽ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.
ബ്രിട്ടീഷ് പൗരത്വം നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാരുമായി വാഗ്വാദം നടത്തുകയും ഫ്രാൻസിലേക്ക് മാറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അൽ ഫായിദിന് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ലെജിയൻ ഓഫ് ഓണർ നൽകിയിരുന്നു. 1997-ലാണ് ഡയാന രാജകുമാരിയും അൽ ഫായിദിന്‍റെ മകൻ ഡോഡിയും സഞ്ചരിച്ച കാർ അപകടത്തിലാകുന്നത്. ഇത് കൊലപാതകമാണെന്ന് വാദിച്ച അൽ ഫായിദ് ഏകദേശം 10 വർഷത്തോളമാണ് ഇതിന്‍റെ പിന്നാലെ നടന്നത്.
ഡയാന ഒരു മുസ്ലീമിനെ വിവാഹം കഴിക്കുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതും തടയാൻ രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരൻ തന്നെയാണ് രാജ്ഞിയെ കൊല്ലാൻ ബ്രിട്ടന്റെ സുരക്ഷാ സേനക്ക് ഉത്തരവിട്ടതെന്നുമാണ് അൽ ഫായിദ് ആരോപിച്ചത്.
1985-ൽ അദ്ദേഹം ഹാരോഡ്‌സ് കൈക്കലാക്കിയത് ബ്രിട്ടനിലെ ഏറ്റവും കടുത്ത ബിസിനസ്സ് വൈരാഗ്യത്തിന് കാരണമായി. അതേസമയം 1994-ൽ പാർലമെന്റിൽ തനിക്കുവേണ്ടി ചോദ്യങ്ങൾ ചോദിക്കാൻ രാഷ്ട്രീയക്കാർക്ക് പണം നൽകിയെന്ന വെളിപ്പെടുത്തലോടെ അദ്ദേഹം അഴിമതി കാണിച്ചുവെന്ന ചർച്ചകളും പരന്നു.
ഡയാനയുടെയും ഡോഡിയുടെയും ഒരു വെങ്കല സ്മാരക പ്രതിമ അദ്ദേഹം സ്ഥാപിച്ചു. കാൽനൂറ്റാണ്ടിന്റെ ഉടമസ്ഥതയ്ക്ക് ശേഷം 2010-ൽ അൽ-ഫായിദ് ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടിലേക്ക് ഹാരോഡ്സ് വിറ്റു.