‘തിരുമ്പി വന്തിട്ടേന്ന് സൊൽ’; മോഹൻലാലിന്റെ ‘നേര്’ ഏറ്റെടുത്ത് ആരാധകർ

സമീപകാലത്ത് നേരിട്ട പരാജയങ്ങൾക്കും പരാതികൾക്കും മറുപടിയെന്നോണം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിൽ വിജയ മോഹൻ എന്ന പബ്ലിക് പ്രൊസിക്യൂട്ടറായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ ആരാധകരുടെ കണ്ണും മനസും നിറഞ്ഞു. ചിത്രം സൂപ്പർഹിറ്റ് ആയി.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കിയ കോർട്ട് റൂം ഡ്രാമയാണ് നേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.

കാഴ്ച പരിമിതിയുള്ള സാറ എന്ന പെൺകുട്ടിയായി അനശ്വര രാജനും, അവൾക്ക് നീതി ഉറപ്പാക്കാനായി രാപ്പകൽ പരിശ്രമിക്കുന്ന വിജയമോഹനായി മോഹൻലാലും, എതിർഭാഗം വക്കീലായ രാജശേഖരനായി സിദ്ദീഖുമാണ് എത്തിയത്. ഉദ്വേഗജനകമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

‘നേര്’ കണ്ടു പൊട്ടിക്കരഞ്ഞ് തിയറ്ററിൽ നിന്നിറങ്ങുന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ഭാര്യ ശാന്തിയുടെയും വിഡിയോ ഇതിനിടെ വൈറലായിരുന്നു. ‘‘അനശ്വര ഈസ് ഗ്രേറ്റ്’’ എന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തിയുടെ ആദ്യ പ്രതികരണം. ലാലേട്ടന്റെ ഇതുപോലെയുള്ള നിരവധി സിനിമകൾക്കായി കാത്തിരിക്കുന്നുവെന്ന് ആന്റണിയും പറഞ്ഞു.

ഇതിനിടയിൽ നേരിൻറെ ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ പുറത്ത് വന്നിട്ടുണ്ട്. മൂവി റോക്കേഴ്സ് എന്ന ട്വിറ്റർ പേജ് പങ്ക് വെച്ച കണക്ക് പ്രകാരം 3.45 കോടിയാണ് ചിത്രം ആദ്യ ദിനം ബോക്സോഫീസിൽ നേടിയത്. 1 കോടിയിലധികമാണ് ചിത്രത്തിൻറെ പ്രീ-സെയിൽസ് തുകയായി ലഭിച്ചത്. 795 ഷോകളിൽ നിന്നായാണിത്. വരുന്ന ദിവസങ്ങളിലും മികച്ച പ്രകടനം ചിത്രം തീയ്യേറ്ററിൽ കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രിയമണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നത്. ഗണേശ് കുമാർ, ജ​ഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More Stories from this section

family-dental
witywide