
മലപ്പുറം: കൂടെ പഠിക്കുന്ന പെൺകുട്ടിയോട് സംസാരിച്ചതിൻ്റെ പേരിൽ ഒൻപതാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി തല്ലിയെന്ന് പരാതി. മലപ്പുറം ഒഴുകൂർ ക്രസൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെയാണ് സാമൂഹിക ശാസ്ത്ര അധ്യാപകനായ സുബൈർ മർദ്ദിച്ചത്. വിദ്യാർഥിയുടെ കാലിന്റെ തുടയിൽ അടിയുടെ പാടുകളുണ്ട്. കുടുംബം മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകി.
ക്ലാസിൽ നടന്ന പരീക്ഷയ്ക്ക് ശേഷം സഹപാഠികളായ ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യം അധ്യാപകൻ മൊബൈലിൽ പകർത്തി. പിന്നീട് കുട്ടികളെ ഇരുവരെയും ചോദ്യം ചെയ്തു. മോശം രീതിയിൽ സംസാരിച്ചു. രണ്ടുപേരെയും മർദിച്ചു. ആൺകുട്ടിയുടെ ബന്ധുവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പെൺകുട്ടിയോ വീട്ടുകാരോ പരാതിപ്പെട്ടിട്ടില്ല. ഇരുവരും അയൽവാസികളാണ്.
വിദ്യാർത്ഥി വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കൊണ്ടോട്ടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. വിദ്യാർത്ഥിക്ക് അടിയേറ്റ സംഭവം ഉണ്ടായിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ ബീരാൻ കുട്ടി അറിയിച്ചു.
Moral Policing: 9th standard student hospitalized after beaten by a teacher












