മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കൂടുതല്‍ കടുത്ത ആരോപണങ്ങളുമായി കുഴല്‍നാടന്‍, 4കോടിയുടെ ജിഎസ്ടി രേഖ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയും അവരുടെ എക്സാ ലോജിക് കമ്പനിയും ഒന്നല്ല പല കമ്പനികളില്‍നിന്നു മാസപ്പടി വാങ്ങിച്ചെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ . 1.72 കോടിയുടെ പല മടങ്ങു തുക വീണയുടെ കമ്പനിയില്‍ എത്തിയിട്ടുണ്ടെന്നും എംഎല്‍എ ആയതിനാല്‍ മാസപ്പടി നല്‍കിയ കമ്പനികളുടെ പേരുകള്‍ പുറത്തു വിടുന്നില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

“ശരിക്കുള്ള കണക്ക് പുറത്തു വന്നാല്‍ കേരളം ഞെട്ടും. കള്ളപ്പണം വെളുപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ മകള്‍. കടലാസ് കമ്പനികളുടെ കള്ളപ്പണം അക്കൗണ്ടില്‍വാങ്ങിച്ച് നികുതിയടച്ച് വെളുപ്പിച്ചെടുക്കുകയാണ് വീണ. വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ട് വിവരങ്ങളും ജിഎസ്ടി വിവരങ്ങളും പുറത്തുവിടാന്‍ സിപിഎം തയാറാകണം. ആരോപണം വന്ന ശേഷം വീണയുടേയും കമ്പനിയുടേയും ജിഎസ് ടി അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയതുതന്നെ സംശയത്തിന് ഇടനല്‍കുന്നതാണ്”. എംഎല്‍എ പറഞ്ഞു.

അതേസമയം വീണയും എക്സാലോജിക്കും സിഎംആര്‍എല്‍ അടക്കം 6 സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കിയതായി ജിഎസ് ടി രേഖകള്‍ വ്യക്തമാക്കുന്നു. ഈ കമ്പനികളുടെ ജിഎസ്ടി ആര്‍ 1 സെയില്‍സ് സ്റ്റേറ്റുമെന്റിലാണ് ഈ വിവരങ്ങളുള്ളത്. 4 കോടിയുടെ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ സിഎംആര്‍എല്ലിനു നല്‍കിയതിനു സമാനമായ സേവന വ്യവസ്ഥകളാണോ ഈ കമ്പനികളുമായി ഉള്ളതെന്ന് വ്യക്തമല്ല. സ്ഥാപനങ്ങളുടെ പേര് മുമ്പ് എക്സോലോജിക്കിന്റെ വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത് നീക്കംചെയ്തു. ഈ ആറു സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കിയതു വഴി വീണയുടെ കമ്പനി 72 ലക്ഷം രൂപ ജിഎസ് ടി അടയ്ക്കേണ്ടതാണ്. എന്നാല്‍ അടച്ചോ ഇല്ലയോ എന്നുള്ളത് വ്യക്തമാക്കിയിട്ടില്ല.