വാദിക്കാന്‍ സര്‍ക്കാര്‍ വക്കീല്‍ ഇല്ല; കേരളത്തില്‍ കെട്ടികിടക്കുന്നത് 8506 പോക്സോ കേസുകള്‍

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടിയെന്ന് സര്‍ക്കാര്‍ പറയുമ്പോഴാണ് നീതി നിഷേധത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്. പോക്സോ കേസുകളിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിലാണ് വീഴ്ച. അതിന് തെളിവാണ് സംസ്ഥാനത്തെ പോക്സോ കോടതികളില്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി.

സംസ്ഥാനത്ത് വിവിധ കോടതികളുടെ കീഴിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 8000 ൽ അധികം പോക്‌സോ കേസുകളുണ്ട്. പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികള്‍ എന്നിവ ഉണ്ടായിട്ടും 8506 കേസുകളാണ് പല കോടതികളിലായി തീർപ്പാക്കാതെ കിടക്കുന്നത്. ഇതിന് കാരണം ഇരകള്‍ക്ക് വേണ്ടി കേസ് വാദിക്കേണ്ട പ്രോസിക്യൂട്ടര്‍മാര്‍ ഇല്ലാത്തതു തന്നെ. പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ സംസ്ഥാന തലത്തില്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.

ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച്, തീർപ്പുകല്‍പ്പിക്കാത്ത കേസുകളിൽ അധികവും തിരുവനന്തപുരത്തെ കോടതികളിലാണ്. 1,384 കേസുകളാണ് തലസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. എറണാകുളത്തെ കോടതികളിൽ 1,147 കേസുകളും കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകളില്‍ പറയുന്നു. പ്രോസിക്യൂട്ടര്‍മാര്‍ ഇല്ല എന്ന് മാത്രമല്ല, പല കേസുകളിലും ഫോറന്‍സിക് റിപ്പോര്‍ട്ട് കൃത്യസമയത്ത് എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ഇതോടെ ആയിരക്കണക്കിന് ഇരകള്‍ക്കാണ് നീതി നിഷേധിക്കപ്പെടുന്നത്.

പോക്സോ കേസുകളിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ഉണ്ടായിട്ടുപോലും ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നത് നിര്‍ഭാഗ്യകരമാണ്.

പോക്സോ കേസുകൾ സമയബന്ധിതമായി പരിഗണിക്കുന്നതിനുള്ള നിയമപരമായ ഉത്തരവുകൾ പാലിക്കാൻ ഹൈക്കോടതിയും സംസ്ഥാന സർക്കാരും ശ്രമിക്കുകയാണെന്ന് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ വിക്ടിം റൈറ്റ്സ് സെന്റർ (വിആർസി) പ്രോജക്ട് കോർഡിനേറ്റർ പാർവതി മേനോൻ പറഞ്ഞു.

“കാലതാമസം മൂലം, പ്രതികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും സാമൂഹിക വൃത്തങ്ങളിൽ നിന്നുമുള്ള കടുത്ത സമ്മർദ്ദം കാരണം അതിജീവിതരും അവരുടെ കുടുംബങ്ങളും പിന്നാക്കം പോകുന്ന ധാരാളം കേസുകൾ ഉണ്ടായിട്ടുണ്ട്. കുറ്റവാളികൾ കുടുംബത്തിനുള്ളിൽ ആയിരിക്കുമ്പോൾ അത്തരം സമ്മർദ്ദം കൂടുതലാണ്. ഇത്തരം കേസുകളിൽ അതിജീവിതരെ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാത്തത്, അവരുടെ മേൽ കുടുംബത്തിന്റെ സമ്മർദം വർധിക്കുന്നതിനും കേസുകൾ പിൻവലിക്കാൻ നിർബന്ധിതരാകുകയും ചെയ്യും.” പാർവതി മേനോൻ വ്യക്തമാക്കി.

More than eight thousand POCSO cases are pending in Kerala courts

More Stories from this section

family-dental
witywide