ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് ബിജെപി, മന്ത്രിമാരും ഇതില്‍ പിന്നിലല്ല;ഹിന്ദുത്വ വാച്ച് റിപ്പോര്‍ട്ട്

വാഷിംഗ്‌ടൺ: ഗവേഷക സംഘമായ ‘ഹിന്ദുത്വ വാച്ച്’ പുറത്ത് വിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ നടന്ന ഭൂരിപക്ഷം വിദ്വേഷപ്രസംഗങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും പിന്നിൽ ബിജെപി. ‘ഹിന്ദുത്വ വാച്ച്’ ഇന്ത്യയിൽ മുസ്‌ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഗവേഷക സംഘമാണ്.

2014 നു ശേഷമാണ് ഇന്ത്യയിൽ വിദ്വേഷപ്രസംഗങ്ങൾ വർധിച്ചതെന്നാണ് ഹിന്ദുത്വ വാച്ചിന്റെ ഗവേഷകർ പറയുന്നത്. ഈ വർഷം നടന്ന പകുതിയിലധികം സംഭവങ്ങളിലും ബിജെപിക്കോ ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്, സകല ഹിന്ദു സമാജ് ഉൾപ്പെടെയുള്ള സംഘടനകൾക്കോ കൃത്യമായ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംഘടനകൾക്കെല്ലാം നേരിട്ടോ അല്ലാതെയോ ആർഎസ്എസുമായി ബന്ധമുണ്ടെന്നും ഹിന്ദുത്വ വാച്ച് പറയുന്നു.

റിപ്പോർട്ട് തീർത്തും അടിസ്ഥാന രഹിതമാണെന്നും, ബിജെപി ഒരിക്കലും വിദ്വേഷ പ്രസംഗങ്ങൾ പിന്തുണയ്ക്കില്ല എന്നും ബിജെപി മുതിർന്ന അംഗം അഭയ് വർമ പറഞ്ഞു. രാജ്യത്തെ വിദ്വേഷപ്രസംഗങ്ങൾ രേഖപ്പെടുത്തുന്ന ഇത്തരമൊരു റെക്കോർഡ് ആദ്യമായിരിക്കും. 2017 ൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ വിദ്വേഷപ്രസംഗങ്ങളുടെ കണക്കുകളെടുക്കുന്നത് നിർത്തിയതോടെ ഇതുമായി ബന്ധപ്പെട്ട ഒരു കണക്കുകളും പുറത്ത് വന്നിട്ടില്ല.

മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രേഖപ്പെടുത്തപ്പെട്ട മുഴുവൻ സംഭവങ്ങളുടെ മൂന്നിൽ ഒന്നും സംഭവിച്ചിട്ടുള്ളത് ഈ വർഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ്.

15 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടത്തിയ പഠനത്തിൽ 64 ശതമാനം സംഭവങ്ങളിലും മുസ്ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് മതം മാറ്റുന്നു എന്ന മുൻവിധി ആളുകൾക്കുണ്ടായിരുന്നു എന്നും ‘ഹിന്ദുത്വ വാച്ച്’ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 33 ശതമാനം കേസുകളിലും ഹിന്ദുക്കൾ മുസ്ലിങ്ങളെ ബഹിഷ്കരിക്കണം എന്നും മുസ്ലിം സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു.

സർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരും വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നുണ്ട് എന്നും റിപ്പോർട്ട് പറയുന്നു. ഭരണത്തിലിരിക്കുന്ന ബിജെപിയുടെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമുൾപ്പെടെയുള്ള നേതാക്കൾ വിദ്വേഷപ്രസംഗം നടത്തിയതായി റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്.

More Stories from this section

family-dental
witywide