
പാരീസ്: ക്രിസ്മസ് ദിനത്തില്‍ പാരീസിന് കിഴക്കുള്ള മയോക്സ് പട്ടണത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടേയും നാല് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതക സാധ്യതകള്‍ ഉള്‍പ്പെടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ 33 കാരനായ പിതാവിനെ പോലീസ് തിരയുകയാണെന്നും പ്രോസിക്യൂട്ടര്‍ ജീന്‍-ബാപ്റ്റിസ്റ്റ് ബ്ലേഡിയര്‍ സ്ഥിരീകരിച്ചു.
പാരീസ് മേഖലയില്‍ അടുത്തിടെ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്ന പ്രവണത തന്നെ കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ, 41 കാരനായ ഒരാള്‍ തന്റെ നാല് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തിയതായി സമ്മതിച്ചു സ്വയം കീഴടങ്ങിയിരുന്നു.
തലസ്ഥാനത്തിന്റെ തെക്കുകിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള ആല്‍ഫോര്‍ട്വില്ലെ പട്ടണത്തിലെ വീട്ടിലാണ് പോലീസ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഒക്ടോബറില്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തിയതുനുശേഷം ആത്മഹത്യ ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനു തുടര്‍ച്ചയായാണ് ഇപ്പോഴുണ്ടായ പുതിയ കൊലപാതകങ്ങള്‍. ഇതിലും കുട്ടികളുടെ പിതാവിന് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.











