
വാഷിംഗ്ടണ്‍: ജനുവരി 6 ന് നടന്ന കാപ്പിറ്റോള്‍ കലാപത്തിനിടെ മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ലാപ്ടോപ്പ് മോഷ്ടിക്കാന്‍ സഹായിച്ചെന്ന കുറ്റത്തിന് അമ്മയ്ക്കും മകനും യുഎസ് ജില്ലാ ജഡ്ജി ശിക്ഷ വിധിച്ചു. മേരിയന്‍ മൂണി-റോണ്ടനും മകന്‍ റാഫേല്‍ റോണ്ടനുമാണ് ശിക്ഷിക്കപ്പെട്ടത്. മേരിയന്‍ മൂണി-റോണ്ടന് 12 മാസത്തേയും റാഫേല്‍ റോണ്ടന് 18 മാസത്തേയും വീട്ടു തടങ്കലാണ് വിധിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം പ്രൊബേഷനുമുണ്ട്.
കാപിറ്റോള്‍ കലാപം നടന്ന ദിവസം പെലോസിയുടെ ലാപ്‌ടോപ്പ് എടുക്കാന്‍ ശ്രമിച്ച ഒരാളെ താന്‍ സഹായിച്ചുവെന്നും വിരലടയാളം അവശേഷിപ്പിക്കാതിരിക്കാന്‍ അയാള്‍ക്ക് കയ്യുറകള്‍ നല്‍കിയെന്നും ചോദ്യം ചെയ്യലില്‍ റോണ്ടന്‍ എഫ്ബിഐയോട് സമ്മതിച്ചു. സംഭവിച്ചത് ഒരു മോശം കാര്യമായിരുന്നുവെന്നും റോണ്ടന്‍ കുറ്റസമ്മതം നടത്തി. താനൊരു മുതിര്‍ന്ന വ്യക്തിയായിരുന്നിട്ടും അതങ്ങനെ സംഭവിച്ചു പോയെന്നും താന്‍ തന്റെ കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും മേരിയന്‍ മൂണി-റോണ്ടന്‍ ഖേദിച്ചു.
ശിക്ഷാവിധി വേളയില്‍, യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജിയ കോബ് അവരുടെ കേസിനെ ‘ബുദ്ധിമുട്ടുള്ള’ ഒന്നായി പരാമര്‍ശിച്ചു. എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പ്രതികള്‍ ക്രിമിനല്‍ മൈന്‍ഡുള്ളവരോ, സൂത്രധാരന്മാരോ ആയിരുന്നില്ലെന്നാണ് വിവരം. അതേസമയം മൂണി-റോണ്ടണ്‍ ആണെന്ന് തെറ്റിദ്ധരിച്ച് അലാസ്‌കയിലെ മറ്റൊരു സ്ത്രീയുടെ വീട്ടില്‍ എഫ്ബിഐ ആദ്യം റെയ്ഡ് നടത്തിയിരുന്നു. മെര്‍ലിന്‍ ഹ്യൂപ്പര്‍, ജനുവരി 6 ന് കാപ്പിറ്റോള്‍ ഗ്രൗണ്ടില്‍ ഭര്‍ത്താവിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും എന്നാല്‍ കെട്ടിടത്തിനകത്ത് പ്രവേശിച്ചിരുന്നില്ല. അതിന് ശേഷമാണ് അമ്മയേയും മകനേയും തിരിച്ചറിഞ്ഞത്.