ജിയോ ബേബിയെ ഒഴിവാക്കിയ സംഭവം; ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങള്‍ കേള്‍ക്കില്ലെന്ന് എംഎസ്എഫ്

കോഴിക്കോട്: സംവിധായകന്‍ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ ചലച്ചിത്ര ക്ലബിന്റെ സെമിനാര്‍ ഉദ്ഘാടനത്തിന് വിളിച്ച ശേഷം ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി എംഎസ്എഫ്. വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണെന്നും എന്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാല്‍ ഞാന്‍ സന്തോഷവാനാണെന്നുമൊക്കെ പറയുന്ന ഒരാളെ കേള്‍ക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചതെന്ന് എംഎഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് പറഞ്ഞു.

ജിയോ ബേബിക്ക് ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുള്ളതുപോലെ എന്തുകേള്‍ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടെന്നും എംഎഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് പറഞ്ഞു. ക്ഷണിച്ചത് യൂണിയനല്ലെന്നും നവാസ് പറഞ്ഞു. അതേസമയം ജിയോ ബേബിയുടെ ആശയങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരിക്കാമായിരുന്നുവെന്നും ക്ഷണിച്ചു വരുത്തിയതിനു ശേഷം അപമാനിച്ച് തിരിച്ചയക്കുകയല്ല വേണ്ടതെന്നും വിമര്‍ശനമുയരുന്നുണ്ട്.

തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മികമൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണത്താല്‍ താന്‍ ഉദ്ഘാടകനായ പരിപാടി ഫാറൂഖ് കോളജ് സംഘാടകര്‍ മാറ്റിവച്ചതായി ജിയോ ബേബി ആരോപിച്ചിരുന്നു. പരിപാടിക്കായി കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി മാറ്റിവച്ചത് അറിഞ്ഞതെന്നും ജിയോ ബേബി പറഞ്ഞു. ‘അഞ്ചാം തീയതി ഫാറൂഖ് കോളജില്‍ സിനിമാ സംബന്ധമായ ഒരു സെമിനാറില്‍ ഉദ്ഘാടകനായാണ് തന്നെ ക്ഷണിച്ചത്. കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി മാറ്റിയതായി അറിയിച്ചത്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അവര്‍ക്കും വളരെ വേദന ഉണ്ടായി. എന്താണ് കാരണം എന്ന് ചോദിക്കുമ്പോള്‍, വ്യക്തമായൊന്നും മനസിലാകുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വരെ പോസ്റ്റര്‍ റിലീസ് ചെയ്തതാണ്. അങ്ങനെ ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് ഞാന്‍ പ്രിന്‍സിപ്പലിന് ഈ മെയില്‍, വാട്‌സ് ആപ്പ വഴി മെസേജ് അയച്ചെങ്കിലും മറുപടി ഉണ്ടായില്ല.

അതിനിടെയാണ് കോളജ് യൂണിയന്റെ പേരിലുള്ള ഒരു കത്ത് തനിക്ക് ഫോര്‍വേഡ് ചെയ്തുകിട്ടുന്നത്. ഫാറൂഖ് കോളേജ് പ്രവര്‍ത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ലെന്നാണ് ആ കത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ കോളജ് മാനേജ്‌മെന്റ് നിലപാട് അറിയാന്‍ തനിക്ക് താത്പര്യമുണ്ട്. ഈ പരിപാടിക്കായി ഒരു ദിവസം യാത്ര ചെയ്താണ് താന്‍ കോഴിക്കോട് എത്തിയത്. അതിനെക്കാള്‍ ഉപരി, താന്‍ അപമാനിതനായിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നാളെ ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാവരുതെന്നും’ ജിയോ ബേബി പറഞ്ഞു.