മുകേഷ് അംബാനിക്ക് നേരെ വീണ്ടും വധഭീഷണി; നാലു ദിവസത്തിനുള്ളില്‍ ലഭിച്ചത് മൂന്ന് ഭീഷണി സന്ദേശങ്ങള്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് നേരെ വീണ്ടും വധഭീഷണി. 400 കോടി രൂപ ആവശ്യപ്പെട്ടാണ് ഏറ്റവും പുതിയ ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ വധ ഭീഷണിയാണ് മുകേഷ് അംബാനിയെ തേടിയെത്തുന്നത്. ഒക്ടോബര്‍ 27 മുതലാണ് ഭീഷണി സന്ദേശം ലഭിച്ചു തുടങ്ങിയത്്.

എല്ലാ വധ ഭീഷണിയും ഒരൊറ്റ ഇയെില്‍ ഐഡിയില്‍ നിന്നാണ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാ ഭീഷണിസന്ദേശങ്ങളിലേയും ആവശ്യം പണമാണ്. ഇരുപത് കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു കഴിഞ്ഞയാഴ്ച ലഭിച്ച ഭീഷണി. ഇതിനെതിരെ മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ മുംബൈയിലെ ഗാംദേവി പൊലീസ് കേസെടുത്തിരുന്നു.

ഇരുപത് കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട് എന്നുമായിരുന്നു ആദ്യത്തെ ഭീഷണി. 200 കോടി വേണമെന്നായിരുന്നു രണ്ടാമത്തെ ഭീഷണി സന്ദേശം. മൂന്നാമത്തെ സന്ദേശമായപ്പോഴേക്കും ആവശ്യപ്പെട്ട പണം 400 കോടിയായി. ഒക്ടോബര്‍ 27 ന് ഷദാബ് ഖാന്‍ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു.

ബെല്‍ജിയത്തില്‍ നിന്നാണ് ഇമെയിലുകള്‍ അയച്ചിരിക്കുന്നത്. പോലീസ് മെയില്‍ ഐഡിയുടെ ആധികാരികത അന്വേഷിച്ചു വരികയാണ്. വ്യാജ ഐഡി മുഖേനെയാകാം ഇമെയിലുകള്‍ അയച്ചതെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബെല്‍ജിയന്‍ ഇമെയില്‍ സേവന ദാതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.

ഇതിനു മുന്‍പും മുകേഷ് അംബാനിക്കെതിരെ വധഭീഷണിയുണ്ടായിട്ടുണ്ട്. മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ സ്‌ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിഹാറിലെ ദര്‍ബംഗ സ്വദേശിയായ രാകേഷ് കുമാര്‍ മിശ്ര എന്നയാള്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു.

More Stories from this section

family-dental
witywide