
കൊച്ചി: മൂന്നാറിലെ കയ്യേറ്റവും അതിലെ നിര്‍മാണവും തടയണമെന്ന ഹര്‍ജികളില്‍ ഹൈക്കോടതി ഇടപെടല്‍. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ തുടര്‍ന്നുള്ള ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്,ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട സ്പെഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഏലം, തേയില തോട്ടങ്ങള്‍, മറ്റു കൃഷികള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കയ്യേറ്റം ഒഴിപ്പിക്കലിനിടെ സര്‍ക്കാര്‍ വിളകള്‍ നശിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും വേണമെങ്കില്‍ ഇത്തരം ഭൂമികള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതിന് സാധിക്കില്ലെങ്കില്‍ വ്യവസ്ഥകള്‍ പ്രകാരം ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു. കയ്യേറ്റഭൂമിയില്‍ താമസമുള്ള കെട്ടിടത്തിനോട് ചേര്‍ന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് തടസ്സമില്ല. താമസക്കാര്‍ തുടരുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് ഉചിത സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
നവംബര്‍ ഏഴിന് കോടതി വിഷയം വീണ്ടും പരിഗണിക്കും. നിലവില്‍ വാണിജ്യ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 239.42 ഏക്കറില്‍ കയ്യേറ്റം ഒഴിപ്പിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം ഭൂമിക്ക് പട്ടയം നല്‍കുന്നതിനും കൃത്യമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെട്ടിടം നിര്‍മിക്കാന്‍ എന്‍ഒസി വേണമെന്ന വിഷയത്തില്‍ ഒരു ദശാബ്ദം കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.