കര്‍ണിസേന തലവന്റെ കൊലപാതകം: രാജസ്ഥാനില്‍ ഇന്ന് ബന്ദ്

ജയ്പൂര്‍: രാഷ്ട്രീയ രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റ് മരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ കര്‍ണി സേനയും രാജസ്ഥാനിലെ മറ്റ് സമുദായങ്ങളും ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചു.

ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേനയുടെ അധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയ ജയ്പൂരിലെ വസതിയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അജ്ഞാതരായ മൂന്ന് ആയുധധാരികള്‍ ഗോഗമെദിയെ അദ്ദേഹത്തിന്റെ വീടിന്റെ സ്വീകരണമുറിയില്‍ വെച്ചാണ് വെടിവച്ചു കൊന്നത്. വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പില്‍ സുഖ്‌ദേവ് സിങിന്റെ രണ്ട് അനുയായികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

സ്‌കൂട്ടറിലാണ് നാലംഗ സംഘം സുഖ്‌ദേവ് സിംഗിന്റെ വീട്ടിലെത്തിയത്. സുഖ്‌ദേവ് സിങിന്റെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്നാണ് വിവരം. വീടിന്റെ വാതില്‍ തകര്‍ന്ന നിലയിലായിരുന്നു. തറയില്‍ രക്തം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. വെടിവയ്പില്‍ സുഖ്‌ദേവ് സിങിന്റെ അംഗരക്ഷകനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റതെന്ന് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു.

സംഭവത്തിന് തൊട്ടുപിന്നാലെ, കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗമായ രോഹിത് ഗോദാര കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

കര്‍ണി സേന തലവന്റെ കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം തന്റെ സംഘം ഏറ്റെടുത്തതായി രോഹിത് ഗോദാര ഫേസ്ബുക്കില്‍ കുറിച്ചു.

More Stories from this section

family-dental
witywide