
ദനാപൂര്‍: ബീഹാറില്‍ കോടതി പരിസരത്ത് വെച്ച് കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊന്ന രണ്ട് കൗമാരക്കാര്‍ അറസ്റ്റില്‍. ദനാപൂര്‍ സിവില്‍ കോടതി പരിസരത്ത് വെച്ച് ഛോട്ടാ സര്‍ക്കാര്‍ എന്നറിയപ്പെടുന്ന അഭിഷേകാണ് കൊല്ലപ്പെട്ടത്. വിചാരണയ്ക്കായി ലോക്കപ്പില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അഭിഷേകിനെ കൗമാരക്കാരായ രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ചത്.
പോലീസുകാര്‍ പ്രതിയെ കൊണ്ടുവരുന്നതിനിടെയാണ് ആയുധധാരികളായ രണ്ടുപേര്‍ ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തത്. മൂന്നു വെടിയുണ്ടകള്‍ വയറിലും ഒരു വെടിയുണ്ട തലയിലുമാണ് തുളച്ചുകയറിയത്. വെടിവെച്ചതിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. വെടിയേറ്റ അഭിഷേകിനെ ഉടന്‍ തന്നെ അടുത്തുള്ള സാദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിടിയിലായ കൗമാരക്കാരുടെ കൈവശം രണ്ട് തോക്കുകളും വെടിയുണ്ടകളും ഉണ്ടായിരുന്നുവെന്ന് പാട്നയിലെ മുതിര്‍ന്ന പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര അറിയിച്ചു. വിഷയത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടുണ്ടെന്നും വ്യക്തിവൈരാഗ്യമാണോ കൊലയ്ക്ക് പിന്നില്‍ എന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും മിശ്ര പറഞ്ഞു. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും മിശ്ര പറഞ്ഞു.














